തിരുവനന്തപുരം: മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കാൻ സമഗ്രവും ശാസ്ത്രീയവുമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നകം കേരളത്തെ എല്ലാ രീതിയിലും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിനായി അതി ബൃഹത്തായ കാമ്പയിൻ ആരംഭിക്കുകയാണ്. എല്ലാ ജില്ലയിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കും. മികച്ച മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് പുരസ്കാരം നൽകും. ഇതു വഴി കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന ജില്ലകൾക്ക് പ്രത്യേക പുരസ്കാരം നൽകുന്നതും പരിഗണിക്കും. എറണാകുളം മറൈൻഡ്രൈവിൽ ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്സ് കേരള 23-ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലകളിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടതായി മുഖ്യമന്ത്രി പറഞ്ഞു. നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമം ഉണ്ടാവണം.
കേരളം സമ്പൂർണ്ണ വെളിയിട വിസർജ്യരഹിത സംസ്ഥാനമായി മാറിയെങ്കിലും കക്കൂസ് മാലിന്യ സംസ്ക്കരണത്തിനുള്ള സൗകര്യമൊരുക്കുന്നതിൽ നല്ല പോരായ്മയുണ്ട്. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും മാത്രമാണ് നിലവിൽ കക്കൂസ് മാലിന്യ സംസ്കരണ സംവിധാനമുള്ളത്. അതും വേണ്ടത്ര പര്യാപ്തമല്ല. സ്ഥല ലഭ്യതയാണ് പ്രധാന വെല്ലുവിളി. പ്ലാന്റുകൾ വരുന്നതുകൊണ്ട് പ്രത്യേകമായി ഒരു ആപത്തും വരാനില്ല. പ്ലാന്റുകൾ അല്ല മാലിന്യമാണ് തകരാർ. അത് മനസിലാക്കി മാലിന്യസംസ്ക്കരണത്തിൽ മുൻകൈയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണം. മാലിന്യസംസ്ക്കരണത്തിൽ സമൂഹത്തിൻ്റെ മനോഭാവത്തിൽ മാറ്റംവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ വാർഡിലും കഴിയുന്നത്ര ഇടങ്ങൾ മാലിന്യരഹിതമാക്കണം. മുഴുവൻ പൊതുസ്ഥാപനങ്ങളും പഞ്ചായത്തിലും നഗര പ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകളും മാലിന്യരഹിതമാക്കുക യാണ് ഒന്നാംഘട്ടം. തുടർന്ന് വാർഡുകൾ, പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക്, നിയമസഭാ മണ്ഡലം, ജില്ല എന്നീ ക്രമത്തിൽ സമഗ്ര മാലിന്യസംസ്കരണം ഉറപ്പാക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രത്യേക ഗ്രേഡ് നൽകും. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം ഗ്രീൻ ഓഡിറ്റിംഗ് സമിതികൾ രൂപീകരിക്കും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പഠന – പ്രദർശന ചർച്ചാവേദിയാണ് ഗ്ലോബൽ എക്സ്പോയെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും അവബോധവും സൃഷ്ടിക്കുന്നതിന് ഗ്ലോബൽ എക്സ്പോ ഉപകരിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും ഈ രംഗത്തെ വിദഗ്ധരും ഒരു കുടക്കീഴിൽ അണിനിരക്കുകയാണ്. മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനും പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച മാലിന്യനിർമാർജ്ജന പദ്ധതികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘പുട്ടിങ് വേസ്റ്റ് ടു വർക്ക്’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി.