ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാൻ കുഞ്ഞിൻ്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തിയെന്നാണ് കണ്ടെത്തൽ. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലെ ഗോത്രവർഗക്കാർ അതിവസിക്കുന്ന പ്രദേശത്താണ് സംഭവം. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
15 ദിവസം മുമ്പാണ് അന്ധവിശ്വാസത്തിൻ്റെ പേരിൽ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതെന്ന് വനിതാ ശിശു വികസന ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂമോണിയയ്ക്ക് വേണ്ട ചികിത്സ നൽകാതെ പകരം ദുരാചാരത്തിൻ്റെ ഭാഗമായി ചൂടു കമ്പി പഴുപ്പിച്ച് കുഞ്ഞിനെ വയറ്റിൽ കുത്തുകയായിരുന്നു.