തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് ബജറ്റിൽ 1773 കോടി രൂപ വകയിരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലക്കായി 816.79 കോടിയും കോളേജുകൾക്ക് 98.95 കോടിയും നീക്കിവെച്ചു. സ്കൂൾ ഉച്ച ഭക്ഷണത്തിന് 344 കോടിയും സൗജന്യ യൂണിഫോമിന് 140 കോടിയും വകയിരുത്തി.
വിദ്യാഭ്യാസ രംഗത്തിനായി വലിയ മൂലധനമാണ് സർക്കാർ ചെലവഴിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഒരു സ്കൂൾ വിദ്യാർഥിക്കുവേണ്ടി അമ്പതിനായിരത്തോളം രൂപയാണ് ഒരു വർഷം സർക്കാർ മുടക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിൻ്റെ പതിന്മടങ്ങാണ് വിനിയോഗിക്കുന്നത്. സർക്കാർ വലിയ നിക്ഷേപം നടത്തി പ്രാപ്തരാക്കുന യുവ തലമുറയെ സംസ്ഥാനത്തു തന്നെ നിർത്താനും തൊഴിൽ നൽകാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം. സംസ്ഥാനത്തേക്ക് ആധുനിക തൊഴിൽ വൈദഗ്ധ്യമുള്ളവരെ ആകർഷിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.