തിരുവനന്തപുരം: കേന്ദ്ര നയങ്ങളും അവഗണനയും സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾക്കിടയിലും ജനക്ഷേമത്തിലും സാമൂഹ്യ സുരക്ഷയിലും വികസന പദ്ധതികളിലും ഊന്നൽ നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ 2023 – 24 ലേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിലേക്ക് കേരളം തിരിച്ചു വന്നതായി ധനമന്ത്രി പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ പുറകോട്ടു പോയ സമ്പദ്ഘടന വളർച്ചയുടെ പാതയിലേക്ക് മാറി. ആഭ്യന്തര ഉൽപ്പാദനവും തനത് വരുമാനവും വർധിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും കുറവ് വിലക്കയറ്റ നിരക്കുള്ള സംസ്ഥാനമായി കേരളം മാറി. വിലക്കയറ്റം നേരിടാൻ വിപണി ഇടപെടലിനായി ബജറ്റിൽ രണ്ടായിരം കോടി രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കേന്ദ്രനിലപാട് മൂലം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. പതിനായിരക്കണക്കിന് കോടി രൂപയാണ് വർഷം തോറും സംസ്ഥാനത്തിൻ്റെ വരുമാനത്തിൽ കേന്ദ്രം വെട്ടിക്കുറക്കുന്നത്. കേന്ദ്രത്തിൻ്റെ ധനനയം കേരളഞ്ഞെ ഏറെ പ്രതികൂലമായി ബാധിക്കും. ഈ നിലപാടിനെ നേരിട്ട് ബദൽ വികസന മാതൃകയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് ധനമന്ത്രി പറഞ്ഞു.
1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് 9764 കോടി രൂപ നീക്കി വെച്ചു. തദ്ദേശ സ്വയംഭരന്ന സ്ഥാപനങ്ങൾക്ക് 14, 149 കോടി രൂപ വകയിരുത്തി. കുടുംബശ്രീയ്ക്ക് 260 കോടി നീക്കിവെച്ചു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതമായി 230 കോടി രൂപ വകയിരുത്തി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിർമ്മിക്കും. ഇതിനായി 1436 കോടി രൂപ വകയിരുത്തി. കേരളത്തിൽ ആഭ്യന്തരോൽപ്പാദനവും തൊഴിൽ/സംരംഭക/നിക്ഷേപ അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായി മേക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കും.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ :
റബ്ബർ വിലയിടിവ് തടയുന്നതിന് 600 കോടി
തേങ്ങയുടെ സംഭരണ വില 34 രൂപയായി ഉയർത്തി
കയർ ഉൽപ്പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ.
കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജ് 30 കോടി
കാഷ്യൂ ബോർഡിന് റിവോൾവിംഗ് ഫണ്ടിനായി 43.55 കോടി
അതിദാരിദ്ര്യ ലഘൂകരണത്തിന് ഗ്യാപ് ഫണ്ട് 50 കോടി
എല്ലാവർക്കും നേത്രാരോഗ്യത്തിന് നേർകാഴ്ച പദ്ധതി
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് 50.85 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 65 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും.
ഗൾഫ് മലയാളികളുടെ ഉയർന്ന വിമാനക്കൂലി പ്രശ്നംപരിഹരിക്കാൻ 15 കോടിയുടെ കോർപ്പസ് ഫണ്ട്
ഇടുക്കി, വയനാട്, കാസർഗോഡ് വികസന പാക്കേജ് 75 കോടി രൂപ വീതം
പുതിയ വൈദ്യുതി സബ്സ്റ്റേഷനുകൾ, ലൈനുകൾ എന്നിവ നിർമ്മിക്കുന്നതിന് 300 കോടി.
കൊച്ചി -പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാം ഘട്ടമായി 10000 കോടി രൂപയുടെ നിക്ഷേപം – 5 വർഷത്തിനുള്ളിൽ 1 ലക്ഷം പേർക്ക് തൊഴിൽ
കെ-ഫോൺ -ന് 100 കോടി രൂപ, സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് 2 കോടി
കേരള സ്പേസ് പാർക്കിന് 71.84 കോടി
സ്റ്റാർട്ട് അപ്പ് മിഷന് 90.52 കോടി
അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിൽ ഷിപ്പിംഗ് അടിസ്ഥാന സൗകര്യവികസനത്തിന് 40.5 കോടി
അഴീക്കലിൽ 3698 കോടി രൂപ ചെലവിൽ ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ പോർട്ട്
765.44 കോടി രൂപ ചെലവ് വരുന്ന പുനലൂർ – പൊൻകുന്നം റോഡിന്റെ നിലവാരം ഉയർത്തുന്ന പ്രവൃത്തികൾ ഇ.പി.സി മോഡിലേക്ക്.
കെ.എസ്.ആർ.ടി.സിയ്ക്ക് പ്ലാൻ വിഹിതം ഉൾപ്പടെ 1031 കോടി നൽകും.
വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി
10 കോടി രൂപ ചെലവിൽ കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും.
ആർ.സി.സിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ അക്കാഡമിക് കോംപ്ലക്സ്
യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് 13 കോടി
ജില്ലകളിൽ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് 5.5 കോടി
കൊല്ലം പീരങ്കി മൈതാനത്ത് ‘കല്ലുമാല സമര സ്ക്വയർ’ സ്ഥാപിക്കുന്നതിന് 5 കോടി രൂപ
സംസ്ഥാനത്തെ സിനിമാ തീയറ്ററുകളെ ബന്ധിപ്പിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിക്കും.
പേവിഷത്തിനെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കും
എല്ലാ താലൂക്ക് ആശുപത്രികളോടും ചേർന്ന് നഴ്സിംഗ് കോളേജുകൾ ആരംഭിക്കും.
തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.10 കോടി രൂപ
തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ.
പരമ്പരാഗത തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്ക് 1250 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിന് 90 കോടി
വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ പദ്ധതിക്ക് 6.8 കോടി രൂപ വയോമിത്രം പദ്ധതിയ്ക്ക് 27.5 കോടി.
സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയർ ഫ്രീ കേരള പദ്ധതിയ്ക്ക് 9 കോടി രൂപ
മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി 10 കോടി രൂപ
അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം മുട്ടയും പാലും നൽകുന്നതിനായി 63.5 കോടി രൂപ.
സർക്കാർ ജീവനക്കാരുടെ സർവ്വീസും ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ് വെയറിന്റെ പുതിയ വെർഷൻ പുറത്തിറക്കും.
സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കെ.എഫ്.സി ബാങ്കുകളും മറ്റ് സർക്കാർ ഏജൻസികളുമായും ചേർന്ന് കൺസോർഷ്യം രൂപീകരിക്കും. ഒരു പദ്ധതിയ്ക്ക് 250 കോടി എന്ന കണക്കിൽ 2000 കോടി രൂപ കെ.എഫ്.സി വഴി നൽകും.
വ്യാവസായിക ഭൂമി വാങ്ങുന്നതിന് 100% ധനസഹായം കെ.എഫ്.സി വഴി നൽകും.
മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന ബോട്ട് വാങ്ങുന്നതിന് ബോട്ട് ഒന്നിന് 70 ലക്ഷം രൂപ വരെ 5% വാർഷിക പലിശ നിരക്കിൽ കെ.എഫ്.സി വഴി വായ്പ നൽകും.
മിഷൻ 1000 – 1000 സംരംഭങ്ങൾക്ക് 4 വർഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിന് സ്കെയിൽ അപ്പ് പാക്കേജ്.
തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 2 വർഷത്തിനുള്ളിൽ 200 കോടി രൂപ ചെലവഴിക്കും.
ലോകത്തെ മികച്ച 200 സർവ്വകലാശാലകളിൽ ഹ്രസ്വകാല ഗവേഷണ അസൈൻമെന്റുകൾ നേടുന്ന 100 ഗവേഷകർക്ക് സ്കോളർഷിപ്പ് .