തിരുവനന്തപുരം: പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം പത്തു വർഷത്തിനിടെയുള്ള ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. ധനമന്ത്രി കെ എൻ ബാലഗോപാൽ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചു. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തി. സാമ്പത്തിക വളർച്ച 12.01 ശതമാനമായി ഉയർന്നു. 2012-13 നു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ഇത്തവണ ഉണ്ടായതെന്ന് വ്യാഴാഴ്ച നിയമസഭയിൽ വെച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിൻ്റെ നയപരമായ ഇടപെടലുകൾക്കൊപ്പം ഉത്തേജക പാക്കേജുകളും വളർച്ച വേഗത്തിലാക്കി. പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജനങ്ങൾക്കുള്ള പ്രാപ്യത സേവനങ്ങളുടെ ഗുണനിലവാരം എന്നിവയിൽ വലിയ മുന്നേറ്റമുണ്ടായി. രാജ്യത്ത് ശക്തമായ സാമൂഹ്യ ഇടപെടലുകൾ വഴി ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിൻ്റെയും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സ്ഥിതിഗതികളുടെ നിലവാരം ഉയർത്തിയതിൻ്റെയും ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. മാനവ വികസന സൂചികകളിൽ സംസ്ഥാനം തുടർച്ചയായി ഒന്നാം സ്ഥാനത്തു നിൽക്കുന്നതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൃഷി അനുബന്ധ മേഖലകൾ 4.6 ശതമാനവും വ്യവസായ മേഖല 3.8 ശതമാനവും വളർച്ച രേഖപ്പെടുത്തി.
കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയായി. കേന്ദ്ര നയങ്ങൾ മൂലം ഭാവിയിൽ പ്രതിസന്ധി രൂക്ഷമായേക്കാം. കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന കടം സംസ്ഥാനത്തിൻ്റെ കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രനടപടി സംസ്ഥാനത്തിന് വലിയ ആഘാതമാണ്. കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങളാണ് സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണം.
വളർച്ചയോടൊപ്പം തന്നെ കേരളത്തിൻ്റെ പൊതുകടം കൂടുന്ന സ്ഥിതിയുമുണ്ടായി. കഴിഞ്ഞ വർഷം പൊതുകടം 2.10 ലക്ഷം കോടിയായി ഉയർന്നു. 20-21 ൽ ഇത് 1.90 ലക്ഷം കോടിയായിരുന്നു. മൂലധന ചെലവ് 15438 കോടിയിൽ നിന്ന് 17046 കോടിയായി. ദേശീയ പ്രാദേശിക സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കേന്ദ്ര ഗ്രാന്റം വിഹിതവും കുറച്ചത് സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. ശമ്പള -പെൻഷൻ ചെലവുകൾ വർദ്ധിച്ചിട്ടുണ്ട്. വരും വർഷം റവന്യൂ ചെലവുകൾ നിയന്ത്രിക്കണമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. റവന്യൂ ചെലവ് 22.46 ശതമാനത്തിൽ നിന്നും 30.44 ശതമാനമായാണ് ഉയർന്നത്. ആഭ്യന്തര ഉൽപ്പാദനം വർധിച്ചത് പ്രത്യാശ നൽകുന്നു.
കോവിഡിനു ശേഷമുള്ള ഉത്തേജക പദ്ധതികൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് സഹായകമായി. സാമ്പത്തിക ആസൂത്രണമാണ് സംസ്ഥാനത്തിൻ്റെ സാമ്പത്തിക നേട്ടങ്ങളുടെ കേന്ദ്ര ബിന്ദു. ആസൂത്രണത്തിലൂടെ ആധുനികവും വികസിതവുമായ കേരളം സൃഷ്ടിക്കാനുള്ള സർക്കാർ പ്രതിബദ്ധത റിപ്പോർട്ട് എടുത്തു കാണിക്കുന്നു.