തിരുവനന്തപുരം: റെയിൽപാതകൾക്കടുത്തുള്ള സ്കൂളുകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ബോധവൽക്കരണത്തിന് മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയതായി മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. മലപ്പുറം താനൂരിൽ ട്രെയിനിനു മുന്നിൽ പെട്ട മൂന്ന് വിദ്യാർഥിനികളെ രക്ഷിച്ച ലോക്കോ പൈലറ്റ് വിനോദ് സ്കൂൾ പ്രധാനാധ്യാപികക്ക് അയച്ച ശബ്ദ സന്ദേശം സംബന്ധിച്ച ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ ഫേസ് ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം:
മലപ്പുറം ജില്ലയിലെ താനൂരിൽ കുതിച്ചുപായുന്ന എക്സ്പ്രസ് ട്രെയിനിന് മുന്നിൽപ്പെട്ട മൂന്നു വിദ്യാർഥികളെ രക്ഷിച്ച ലോക്കോ പൈലറ്റ് ശ്രീ.വിനോദ് സ്കൂൾ പ്രധാന അധ്യാപികയ്ക്ക് അയച്ച ശബ്ദ സന്ദേശം സംബന്ധിച്ച വാർത്ത ദേശാഭിമാനി ദിനപത്രത്തിൽ കണ്ടു. നെഞ്ചിടിപ്പോടെയാണ് ആ വാർത്ത വായിച്ചത്. റെയിൽവേ ലൈനിനടുത്തുള്ള സ്കൂളുകളിൽ ലൈൻ ക്രോസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടതിൻ്റെ ആവശ്യകത ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റെയിൽവേ ലൈനിനടുത്തുള്ള സ്കൂളുകളിൽ ബോധവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശം പുറപ്പെടുവിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയാണ് പരമപ്രധാനം.