തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമാണ്. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ ഉണ്ടാകൂവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനങ്ങളുടെ ആശങ്കയും എതിർപ്പും ദൂരീകരിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. ഇതിനായി സാമൂഹ്യ ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും നടത്തും. നിയമസഭയിൽ രേഖമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. നിർദിഷ്ട കാസർകോട്-തിരുവനന്തപുരം അർധ അതിവേഗ റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് കെ റെയിൽ വ്യക്തമാക്കിയത്.