ഡൽഹി: 2023 – 24 ലും രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച നേടുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച റിപ്പോർട്ട് പറയുന്നു. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. നടപ്പു വർഷം എട്ടു മുതൽ 8.5 ശതമാനം വരെ വളർച്ചയാണ് കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വളർച്ചാ നിരക്ക് ഇടിഞ്ഞു. വ്യവസായ രംഗത്ത് വൻ തിരിച്ചടിയാണുണ്ടായത്. വ്യവസായ വളർച്ചാ നിരക്ക് 10.3 ശതമാനത്തിൽ നിന്ന് വളർച്ച 4.2 ശതമാനം മാത്രമായി താഴ്ന്നു.
മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് വളർച്ചയാണ് സർക്കാർ നടപ്പ് വർഷം പ്രതീക്ഷിക്കുന്നത്. 2021-22 ൽ 8.7 ശതമാനം വളർച്ച നേടി. 2020-21 ൽ മൈനസ് (-)6.6 ശതമാനം വളർച്ച നേടിയിരുന്നു. 2019-20 ൽ ഇത് 3.7 ശതമാനമായിരുന്നു. കോവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചുവരാൻ സഹായിച്ചുവെന്ന് സാമ്പത്തിക സർവേ അവകാശപ്പെടുന്നു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി രാജ്യം മറികടന്നു. ധനകമ്മി നടപ്പ് വർഷം 6.4 ശതമാനമാണ്. സേവന മേഖലയിൽ വളർച്ച 9.1 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ വ്യവസായ രംഗത്ത് കനത്ത ആഘാതമാണ് ഉണ്ടായത്. 10.3 ശതമാനത്തിൽ നിന്നും വളർച്ച 4.2 ശതമാനമായി കുറഞ്ഞു. കാർഷിക രംഗത്ത് നേരിയ പുരോഗതിയുണ്ടെന്നാണ്സർവെ പറയുന്നത്.
ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന രാജ്യമായി തുടരുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. കോവിഡ് മഹാമാരി കാലത്തെ തിരിച്ചടി മറികടക്കാനായെന്ന് പറയുന്ന റിപ്പോർട്ട്, റഷ്യ-യുക്രൈൻ യുദ്ധമാണ് സാമ്പത്തിക രംഗത്തെ വലിയ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കുറ്റപ്പെടുത്തുന്നു. യുക്രൈൻ യുദ്ധത്തെ കുറിച്ച് 36 തവണയാണ് സർവെ പരാമർശിക്കുന്നത്.
നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ലെന്നാണ് അവകാശ വാദം. പലിശ നിരക്കുകൾ ഇനിയും കൂടിയേക്കുമെന്നും, രൂപയ്ക്ക് മേലുള്ള സമ്മർദം തുടരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രൂപ ഡോളറിനോട് ഇനിയും ദുർബലമായേക്കുമെന്ന സൂചനയാണ് ഇതിലൂടെ ധനമന്ത്രി വ്യക്തമാക്കുന്നത്. ആഭ്യന്തര വിപണിയിൽ ഡിമാന്റ് കൂടുന്നത് പ്രതീക്ഷ നൽകുന്നതായും സർവെ പറയുന്നു.