അശുദ്ധിയല്ല, ചിന്തകളും അനാചാരങ്ങളും തുടച്ചു നീക്കാൻ വേണ്ടത് വിദ്യാഭ്യാസമാണെന്ന് തുറന്ന് കാണിച്ച് തമിഴ് വെബ് സീരീസ് അയാലി. വീരപ്പണ്ണായി ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമർത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തൻ്റെ സ്വപ്നത്തിലേക്കുള്ള പെൺകുട്ടിയുടെ പോരാട്ടമാണ് ചിത്രത്തിലുടനീളം പറയുന്നത്. എട്ട് എപ്പിസോഡുകളായി എത്തുന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
ഒരു ഗ്രാമം, ആചാരങ്ങളെ മുറുകെ പിടിക്കുകയും, ഭർത്താവിനെ മാത്രം പരിചരിച്ച് കുട്ടികളെയും പ്രസവിച്ച് വീട്ടിൽ ഇരിക്കുന്നവരായി സ്ത്രീജനങ്ങളെ മാത്രം കാണുന്ന പുരുഷ വർഗത്തിൻ്റെ മേധാവിത്വത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഋതുമതിയാകുന്ന മുറയ്ക്ക് പെൺകുട്ടികളെ വിവാഹം നടത്തുന്ന പരമ്പരാഗത ആചാരങ്ങളാണ് ഗ്രാമത്തിൽ നടത്തി വരുന്നത്. 9-ാം ക്ലാസിന് മുകളിലേയ്ക്ക് പഠിക്കാൻ ആ ഗ്രാമത്തിലെ ഒരു പെൺകുട്ടികൾക്ക് പോലും സാധിക്കാതെ വരുന്നു.
വയസ് അറിയിച്ചു കഴിഞ്ഞാൽ, പഠനം പാതിവഴിയിൽ നിർത്തിച്ച് വീട്ടിലെ പണികൾ പഠിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹം കഴിപ്പിച്ച് അയക്കുന്നു. ഇതിനിടയിൽ പഠനം എന്ന മോഹം പെൺകുട്ടികൾക്ക് അന്യമാകുന്നു. നാളിത്ര ആരാധിച്ച ക്ഷേത്രത്തിലേയ്ക്ക് കാലെടുത്ത് കുത്താനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. 15 വയസ് തികയും മുൻപേ തന്നെ വിവാഹം കഴിപ്പിച്ച് അയക്കുന്നത് രക്ഷിതാക്കളുടെ കടമ നിർവഹിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ഇതിനിടെ വിവാഹിതയായ പെൺകുട്ടികൾ ഗർഭം ധരിച്ചില്ലെങ്കിൽ അവളെ അവഗണിക്കുകയും മർദ്ദിക്കുകയും പുരുഷൻ മറ്റ് വിവാഹത്തിന് ഒരുങ്ങുകയും ചെയ്യുകയാണ്. ഇതെല്ലാം സഹിച്ച് എതിർക്കാതെ ജീവിതകാലം മുഴുവനും മിണ്ടാതെ ഇരിക്കേണ്ടി വരുന്ന സ്ത്രീകളെയാണ് ഗ്രാമത്തിൽ കാണാനാവുന്നത്. ആദ്യത്തെ പ്രസവത്തോടെ തന്നെ ആരോഗ്യസ്ഥിതി വഷളായി മരണപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. എന്നാൽ, ഗ്രാമത്തിൽ നിലനിൽക്കുന്ന ഈ ദുരാചാരങ്ങളിൽ നിന്ന് കരകയറാൻ അഭിനക്ഷത്രയുടെ കഥാപാത്രമായ തമിഴ് ആഗ്രഹിക്കുന്നു.
സ്കൂളിലേയ്ക്കെത്തുന്ന അധ്യാപികയുടെ വാക്കുകളും പ്രചോദനങ്ങളും തമിഴിന് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. 10-ാം ക്ലാസിലേയ്ക്ക് എത്താൻ പോലും പേടിക്കുന്ന ഗ്രാമത്തിൻ്റെ ചിന്താഗതിയെ മാറ്റാൻ തമിഴ് നടത്തുന്ന പോരാട്ടം കാണികളിൽ ആവേശം നിറയ്ക്കുന്നു. പ്രായപൂർത്തി ആയാൽ വിവാഹം കഴിപ്പിച്ച് അയക്കണമെന്ന് ചിന്തിച്ചിരുന്ന അവളുടെ അമ്മയിൽ നിന്നാണ് തമിഴ് ആരംഭിക്കുന്നത്. പെൺകുട്ടികൾ പഠിക്കേണ്ടവരാണ് എന്ന യാഥാർത്ഥ്യം അവളുടെ അടിയുറച്ച വാക്കുകളിലൂടെ അമ്മയ്ക്ക് ബോധ്യപ്പെടുന്നു.
ആർത്തവ ദിനങ്ങളിൽ വിളക്ക് കത്തിക്കുന്നതും അമ്പലത്തിൽ പോകുന്നതുമെല്ലാം തെറ്റാണ്, ആചാരത്തിന് എതിരാണ് എന്ന ചിന്താധാരകളെ ചിത്രം പൊളിച്ചെഴുതുകയാണ്. നാം പറയുമ്പോഴാണ് മറ്റുള്ളവർ അറിയുക എന്ന് പറയുന്നിടത്ത് ഈ ധാരണകളെ പടിക്ക് പുറത്തിടുകയാണ് ചെയ്യുന്നത്. കാലമെത്ര പുരോഗമിച്ചാലും ദുരഭിമാനം നെഞ്ചിലേറ്റുന്നവരെയും ഈ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. വിവാഹ ജീവിതമല്ല ഒരു പെൺകുട്ടിക്ക് സുരക്ഷിതത്വം, മറിച്ച് വിദ്യാഭ്യാസമാണ് അവളുടെ ഭാവി നിശ്ചയിക്കേണ്ടതെന്നും ചിത്രം പറഞ്ഞുവെയ്ക്കുന്നു.
മലയാളത്തിൻ്റെ പ്രിയ നടി അനുമോൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. 26ന് സീ 5 ലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എസ്ട്രെല്ല പ്രൊഡക്ഷൻ്റെ ബാനറിൽ കുഷ്മാവതി നിർമ്മിക്കുന്ന അയാളി നവാഗതനായ മുത്തുകുമാർ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. മുത്തുകുമാർ, വീണൈ മൈന്താൻ, സച്ചിൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നടി അഭിനക്ഷത്രയാണ് അനുമോളിൻ്റെ മകളായി എത്തുന്നത്.