തിരുവനന്തപുരം: സംസ്ഥാനത്ത് 2500 കോടിയുടെ പുതിയ നിക്ഷേപ വാഗ്ദാനവുമായി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന എ.ജി&പി കമ്പനി മാനേജിങ്ങ് ഡയറക്ടർ അഭിലേഷ് ഗുപ്ത. കേരളത്തിനാകെ അഭിമാനിക്കാവുന്ന പ്രസ്താവനയാണ് അഭിലേഷ് ഗുപ്ത ഇന്ന് നടത്തിയതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫേസ് ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ സിറ്റി ഗ്യാസിന് സമാനമായ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തിലും തടസങ്ങൾ ഇല്ലാതെയും ഓൺലൈനായി, ഏകജാലക സംവിധാനത്തിലൂടെ അനുമതി ലഭിച്ച ഏക സംസ്ഥാനം കേരളമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ ഒന്നും നടക്കില്ല, എല്ലാം ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കും എന്ന പ്രചരണം തുടർച്ചയായി നടക്കുമ്പോഴാണ് രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനമായ എ.ജി&പി കേരളത്തെ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളി, ആലപ്പുഴ ജില്ലയിലെ ചേർത്തല എന്നിവിടങ്ങളിൽ എ.ജി &പി കമ്പനി സ്ഥാപിച്ച എൽ.എൻ.ജി സ്റ്റേഷനുകളുടെ ഉദ്ഘാടന ചടങ്ങിൽ 2500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾക്കുള്ള സന്നദ്ധയും കമ്പനി പ്രകടിപ്പിച്ചു. ഈ നിക്ഷേപ പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനായി വ്യവസായ വകുപ്പ് നോഡൽ ഓഫീസറെ വ്യവസായവകുപ്പ് നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം:
കേരളത്തിനാകെ അഭിമാനിക്കാവുന്ന പ്രസ്താവനയാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്ന എ.ജി&പി കമ്പനി മാനേജിങ്ങ് ഡയറക്ടർ ശ്രീ. അഭിലേഷ് ഗുപ്ത ഇന്ന് നടത്തിയത്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ സിറ്റി ഗ്യാസിന് സമാനമായ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തിലും തടസങ്ങൾ ഇല്ലാതെയും ഓൺലൈനായി, സിംഗിൾ വിൻ്റോ സംവിധാനത്തിലൂടെ അനുമതി ലഭിച്ച ഏക സംസ്ഥാനം കേരളമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ ഒന്നും നടക്കില്ല, എല്ലാം ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കും എന്ന പ്രചരണം തുടർച്ചയായി നടക്കുമ്പോഴാണ് രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനമായ എ.ജി&പി കേരളത്തെ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളി, ആലപ്പുഴ ജില്ലയിലെ ചേർത്തല എന്നിവിടങ്ങളിൽ എ.ജി &പി കമ്പനി സ്ഥാപിച്ച എൽ.എൻ.ജി സ്റ്റേഷനുകളുടെ ഉദ്ഘാടന ചടങ്ങിൽ 2500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾക്കുള്ള സന്നദ്ധയും കമ്പനി പ്രകടിപ്പിച്ചു. ഈ നിക്ഷേപ പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിനായി ഒരു നോഡൽ ഓഫീസറെ വ്യവസായവകുപ്പ് നിയമിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രകൃതിവാതകം ലഭ്യമാക്കാൻ പുതിയ ഗ്യാസ് സ്റ്റേഷനുകൾ വഴി സാധിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായി ഗ്രീൻ എനർജി നയം രൂപീകരിച്ച കേരളത്തിൽ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം ലഭ്യമാക്കുന്ന പദ്ധതി തകർക്കാനുള്ള ശ്രമം നടന്നിരുന്നു. ഈ പദ്ധതി കൊണ്ട് സാധാരണക്കാർക്ക് എന്താണ് ഗുണം എന്നാണ് അന്ന് അവർ ചോദിച്ചത്. അവർക്കുള്ള മറുപടി കൂടിയാണ് സിറ്റി ഗ്യാസ് പദ്ധതി. എങ്ങനെയാണോ കറൻ്റും വെള്ളവും ഓരോ വീട്ടിലും എത്തുന്നത് അതുപോലെ തന്നെ പാചകവാതകവും സിറ്റി ഗ്യാസ് പദ്ധതിയിലൂടെ നിങ്ങളുടെ വീടുകളിലെത്തും. അടുക്കള ആവശ്യങ്ങൾക്ക് പ്രകൃതിവാതകം ഉപയോഗിക്കാൻ തുടങ്ങുന്നതോടെ വൈദ്യുതിക്കും പാചകവാതകത്തിനും ചിലവഴിക്കേണ്ടിവരുന്ന തുകയിലും ഗണ്യമായ കുറവുണ്ടാകും. പൈപ്പ് ലൈൻ വഴി ലഭിക്കുന്ന പ്രകൃതിവാതകം പാചകവാതകത്തിനേക്കാൾ ചിലവേറിയതാകുമോ എന്ന ആശങ്ക ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഈ വിഷയം ചർച്ച ചെയ്യുകയും പാചകവാതകത്തിനേക്കാൾ കുറഞ്ഞത് 10% ചിലവു കുറച്ചായിരിക്കും പൈപ്പ് ലൈൻ വഴി ലഭിക്കുന്ന പ്രകൃതിവാതകം എന്ന് കമ്പനി ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൻ്റെ വ്യാവസായിക മേഖലയ്ക്കും സിറ്റി ഗ്യാസ് പദ്ധതി ഏറെ സഹായകമാകും. വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമായ ഒരു ഇന്ധനം എന്ന നിലയിൽ വ്യവസായ സ്ഥാപനങ്ങളിലും ഭാവിയിൽ ഈ പദ്ധതി ഉപകാരപ്പെടും. നിലവിൽ യാഥാർത്ഥ്യമായിരിക്കുന്ന ഗ്യാസ് സ്റ്റേഷനുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വ്യാവസായിക മുന്നേറ്റത്തിൽ കാര്യക്ഷമമായ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം നൈപുണി വികസന മേഖലയിൽ ഐ ടി ഐകളുമായി സഹകരിക്കാനും എ.ജി&പി കമ്പനി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.