തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സാമൂഹിക പുരോഗതി, വികസനം അടക്കമുള്ള മേഖലകളിൽ കേരളത്തിൻ്റെ നേട്ടങ്ങൾ പറഞ്ഞുകൊണ്ടാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് സഭയിൽ തുടക്കമായത്. പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ ഗവർണർ വിമർശിച്ചു. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും വേണം. ജനങ്ങളുടെ താത്പര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണം. കട പരിധി നിയന്ത്രിക്കാനുളള ശ്രമം വികസനത്തിന് തടയിടുന്നു. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.
സുസ്ഥിര വികസനമാണ് കേരളത്തിൻ്റെ ലക്ഷ്യം. വയോജനങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകുന്നുണ്ട്, നീതി ആയോഗ് മാനദണ്ഡങ്ങളിൽ സംസ്ഥാനം മുന്നിൽ നിൽക്കുന്നു. സംസ്ഥാനത്തെ അതിദാരിദ്ര്യമുള്ളവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. അതിദാരിദ്ര്യ കുടുംബങ്ങളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ശ്രദ്ധേയമായ സാമ്പത്തിക വളർച്ചയാണ് സംസ്ഥാനം നേടിയത്.
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകും. ഇ-ഓഫീസ് എന്ന സംവിധാനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇ ഓഫീസ് സജ്ജമാണ്. കേരള വിജ്ഞാന സാമ്പത്തിക മിഷൻ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു.
എസ്സി/എസ്ടി വിഭാഗത്തിന് തൊഴിൽ അവസരങ്ങൾ ഒരുക്കാൻ പ്രത്യേക പദ്ധതി ഉറപ്പാക്കി. തൊഴിൽ ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്. ആർദ്രം മിഷൻ അടിസ്ഥാന ചികിത്സ മേഖലയിൽ പുരോഗതി ഉണ്ടാക്കി. തോട്ടം വിഭാഗത്തിന് 2023ൽ പ്രത്യേക പരിഗണന നൽകുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.