പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് നാളെ തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കുന്ന സമ്മേളനം സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനമായിരിക്കും. നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ അടുത്ത ദിവസങ്ങളിലെ സമ്മേളന തീയതികൾ തീരുമാനിക്കും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ അവതരണവും ചര്‍ച്ചയും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
ഫെബ്രുവരി മൂന്നിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ തൻ്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനഃരാരംഭിച്ച് മാര്‍ച്ച് 30ന് അകം ബജറ്റ് പാസാക്കി പിരിയും. സംസ്ഥാന സര്‍ക്കാര്‍ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.