തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്‌കാരം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ സംസ്ഥാനതല ഓഫീസ് ഡി.എം.ഇ.യിൽ ആരംഭിക്കും. സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) വിപുലീകരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ സഹായം കൂടി പ്രയോജനപ്പെടുത്താനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
10 മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കും. ഓരോ മെഡിക്കൽ കോളേജിനും 10 ലക്ഷം രൂപ വെച്ച് ഒരു കോടി രൂപ അനുവദിക്കും. പാലിയേറ്റീവ് കെയർ രോഗികൾക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് ലക്ഷ്യം.