ദില്ലി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശർമയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി വിനേഷ് ഫൊഗട്ട്. ദേശീയ ക്യാംപുകളിൽവച്ച് പരിശീലകനും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ ശർമയും ഉൾപ്പെടെയുള്ളവർ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഫൊഗട്ട് വെളിപ്പെടുത്തി. ഫെഡറേഷൻ്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫൊഗട്ട് പറഞ്ഞു. ഫെഡറേഷൻ അധികൃതരിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫൊഗട്ട് ആരോപിച്ചു.
ഗുസ്തി ഫെഡറേഷൻ്റെ പ്രവർത്തന രീതികൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ശർമയ്ക്കും പരിശീലകർക്കുമെതിരെ താരങ്ങൾ ലൈംഗികാരോപണം ഉയർത്തിയത്. പുരുഷ, വനിതാ താരങ്ങൾ പ്രതിഷേധത്തിൻ്റെ ഭാഗമായി. വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്ക് എന്നിവർക്കു പുറമെ ബജ്റങ് പുനിയ, സംഗീത ഫൊഗട്ട്, സോനം മാലിക്ക്, അൻഷു എന്നിവരുൾപ്പെടെ പ്രശസ്തരായ മുപ്പത്തൊന്നു ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി. ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു.