അപകടത്തിലൂടെ വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂർ ഗവ – മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്റർ കുട്ടിയുടെ സ്വപ്നങ്ങൾക്ക് തുണയായി. സർക്കാരിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി തികച്ചും സൗജന്യമായാണ് കൃത്രിമ കാൽ നിർമ്മിച്ച് നൽകിയത്. കുട്ടിക്ക് കൃത്രിമകാൽ വച്ച് നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ടീമിനെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
തൃത്താലയിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു വർഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാൽ നഷ്ടപ്പെട്ടത്. ഇടതുകാലിൻ്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാൽ നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസം മുമ്പാണ് മുത്തച്ഛനും അച്ഛനുമൊപ്പം കുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.
കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൃത്രിമ കാൽ വച്ചു പിടിപ്പിക്കുന്നതിൻ്റെ സാധ്യത ആരാഞ്ഞു. കൊച്ചു കുട്ടികൾക്കായുള്ള കൃത്രിമ കാൽ നിർമ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ശ്രമകരമായ ദൗത്യമായിരുന്നു. കൃത്രിമകാൽ നിർമ്മിച്ച ശേഷം പരിശീലിപ്പിക്കുന്നതും ഏറെ ശ്രമകരമായിരുന്നു.
ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ കൃത്രിമ കാൽ നിർമ്മാണ യൂണിറ്റാണ് കൃത്രിമ കാൽ നിർമ്മിച്ചത്. കുട്ടിക്ക് ആവശ്യമായ പരിശീലനവും നൽകി. ജീവനക്കാരുടെ പിന്തുണയോടെ കുട്ടി നടന്നു. കൃത്രിമ കാലിൻ്റെ സഹായത്തോടെ നടന്ന കുട്ടിയ്ക്ക് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് സന്തോഷത്തോടെ യാത്രയയപ്പ് നൽകി.