തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക സീരിസ് നമ്പർ നൽകാൻ മോട്ടോർ വാഹനവകുപ്പിൻ്റെ തീരുമാനം. KL 99 സീരീസ് നൽകാനാണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശുപാർശ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഇത് നടപ്പിലാക്കും.
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകാൻ മോട്ടോർവാഹനവകുപ്പിൽ ചട്ടഭേദഗതി വേണ്ടിവരും. ഭേദഗതിയുണ്ടായാൽ സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇനി മുതൽ KL- 99 എന്നീ സീരീസിലായിരിക്കും. സംസ്ഥാന സർക്കാർ വാഹനങ്ങൾ കെ.എൽ-99- എ എന്ന വിഭാഗത്തിലായിരിക്കും. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്രസർക്കാർ വാഹനങ്ങൾ കെ.എൽ- ബി എന്ന വിഭാഗത്തിലായിരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾ കെ.എൽ-99-സി എന്ന വിഭാഗത്തിലായിരിക്കും. സർക്കാരിൻെര പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ നമ്പർ കെ.എൽ-99-ഡി എന്ന വിഭാഗത്തിലേക്കും മാറും