കൊച്ചി: തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷക്കെതിരെ നഗരസഭാ സെക്രട്ടറി ബി അനിലിൻ്റെ പരാതി. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ കാബിനിലേക്ക് വിളിച്ചുവരുത്തി വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരും കൗൺസിലർമാരായ എം ഒ വർഗീസ്, ഖാദർകുഞ്ഞ് എന്നിവരുടെ സാന്നിധ്യത്തിൽ മുൻ ചെയർമാനും കൗൺസിലറുമായ ഷാജി വാഴക്കാല സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
തൃക്കാക്കര പോലീസിന് പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ സെക്രട്ടറി ഫയലിൽ നോട്ട് എഴുതിയതാണ് ചെയർപേഴ്സണെ ചൊടിപ്പിച്ചത്.
എന്നാൽ അനാവശ്യ കാരണങ്ങൾ പറഞ്ഞ് സെക്രട്ടറി ഫയലുകൾ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയിൽ പ്ലാൻ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ലെന്നുമാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ്റെ വാദം. ഫയലുകളിൽ ഒപ്പിടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും അജിത പ്രതികരിച്ചു.