യുവതാരം ആസിഫ് അലിയും പ്രേക്ഷക പ്രിയങ്കരി മംമ്തയും ഒന്നിക്കുന്ന മഹേഷും ഭാരതിയും പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായതായി ആസിഫ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തിയറ്ററുകളിലേയ്ക്ക് എത്തുന്നതാണ്. സെൻസറിംഗ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
1984 മോഡൽ മാരുതി 800 കാറാണ് ചിത്രത്തിലെ ആകർഷണം. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹൻദാസും ഒന്നിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടിയുണ്ട്.
മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്നു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മഹേഷും ഭാരതിയും. ഹരി നാരായണന്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം – ത്യാഗു തവനൂർ. മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും – ഡിസൈൻ – സ്റ്റെഫി സേവ്യർ, നിർമ്മാണ നിർവ്വഹണം – അലക്സ്.ഈ കുര്യൻ.