മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മലൈക്കോട്ടൈ വാലിബനിൽ മറാഠി നടിയുടെയും സാന്നിധ്യം. സൊണാലി കുൽക്കർണിയാണ് മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സൊണാലി തന്നെയാണ് വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ഇതിഹാസം മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് സൊണാലി പറയുന്നു. ഗ്രാൻഡ് മസ്തി, സിങ്കം റിട്ടേൺസ് എന്നീ ബോളിവുഡ് സിനിമകളിലും സൊണാലി തന്റെ വരവ് അറിയിച്ചിരുന്നു. പിന്നാലെയാണ് മലയാളത്തിലേയ്ക്കും താരം വരവ് അറിയിക്കുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഷട്ടർ സിനിമയുടെ മറാഠി റീമേക്കിൽ സൊണാലിയായിരുന്നു നായിക.
അതേസമയം ഇന്ത്യയിലെ പല ഭാഗത്തുനിന്നുള്ള പ്രശസ്ത താരങ്ങളെയാണ് പുതിയ ചിത്രത്തിലേക്ക് ലിജോ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നത്. കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബന്റെ ഭാഗമാണ്. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം.
ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടർ. മലൈക്കോട്ടൈ വാലിബനിൽ ഉലകനായകൻ കമൽഹാസൻ എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്ത് കമൽഹാസനെ കൊണ്ടുവരാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിനായി പ്രേക്ഷകരുടെയും കാത്തിരിപ്പ് തുടരുകയാണ്.