മലപ്പുറം: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പേരിൽ പിരിച്ചെടുത്ത ഭീമമായ തുക കാണാതായതിനെ ചൊല്ലി മലപ്പുറം ഡിസിസി ഭാരവാഹി യോഗത്തിൽ ബഹളം. രാഹുൽ ഗാന്ധിയുടെ യാത്ര കേരളം കടന്ന് മൂന്നു മാസമായിട്ടും പിരിച്ച ഫണ്ടിൻ്റെ കണക്ക് അവതരിപ്പിക്കാത്തതിനെച്ചൊല്ലിയാണ് ഭാരവാഹികൾ ഏറ്റുമുട്ടിയത്. വിവിധ ഘട്ടങ്ങളിൽ പണം പിരിച്ചതിൻ്റെ കണക്ക് എവിടെയെന്ന് ഭാരവാഹികൾ ചോദിച്ചു. മറ്റുള്ളവരെ അടുപ്പിക്കാതെ മൂന്നുപേരടങ്ങുന്ന കോക്കസാണ് ജില്ലയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് പറഞ്ഞ് ഭാരവാഹികൾ യോഗത്തിൽ പൊട്ടിത്തെറിച്ചു.
സെപ്തംബർ 27, 28, 29 തീയതികളിലാണ് ജോഡോ യാത്ര മലപ്പുറം ജില്ലയിലുണ്ടായിരുന്നത്. ജില്ലയിലെ 2756 ബൂത്ത് കമ്മിറ്റികളിൽനിന്ന് 6000 രൂപവീതം പിരിക്കാനുള്ള കൂപ്പണാണ് നൽകിയത്. ഇതനുസരിച്ച് 1-65 കോടി യിലധികം രൂപ ഡിസിസിക്ക് ലഭിക്കണമായിരുന്നു. പുറമെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾ, പ്രവാസികൾ, ക്വാറി–ബാർ ഉടമകൾ എന്നിവരിൽനിന്നും ലക്ഷങ്ങൾ പിരിച്ചു. പ്രത്യേക സപ്ലിമെന്റിൽ പരസ്യങ്ങൾ വഴിയും ഫണ്ട് സമാഹരിച്ചു. എഐസിസിയും ഫണ്ട് നൽകി. ഇത്രയും തുകയുടെ കണക്ക് പറയണമെന്ന് ഭാരവാഹികൾ ഡിസിസി പ്രസിഡന്റ് വി എസ് ജോയിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ 80 ലക്ഷത്തോളം മാത്രമാണ് കിട്ടിയതെന്നും 60 ലക്ഷത്തിലേറെ ചെലവായെന്നുമാണത്രെ ഡിസിസി പ്രസിഡന്റ് പറഞ്ഞത്. അതോടെ, ശരിയായ കണക്ക് വയ്ക്കണമെന്ന് ഭാരവാഹികൾ ശബ്ദമുയർത്തി. ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 28ന് നിലമ്പൂരിൽ നടത്താനിരുന്ന സംസ്ഥാനതല സമാപനസമ്മേളനം ഒഴിവാക്കിയിരുന്നു. വേദിപോലും കെട്ടാതെ പ്രചാരണ വാഹനത്തിൽനിന്നാണ് രാഹുൽഗാന്ധി പ്രസംഗിച്ചത്. കണ്ടെയ്നർ കാരവാനിലാണ് രാഹുൽ താമസിച്ചത്. എന്നിട്ടും 60 ലക്ഷം രൂപ എവിടെ ചെലവഴിച്ചെന്ന് ഭാരവാഹികൾ ചോദിച്ചു. വി എസ് ജോയി, എ പി അനിൽകുമാർ എംഎൽഎ, മുൻ ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി എന്നിവർക്കായിരുന്നു യാത്രയുടെ ചുമതല.
കെപിസിസി ഫണ്ടുപിരിവായ 137 ചലഞ്ച്, മെമ്പർഷിപ്പ് ഇനത്തിൽ മണ്ഡലം കമ്മിറ്റികൾ കൈമാറിയ തുക, പാണ്ടിക്കാടും തിരൂരും ഡിസിസി നടത്തിയ റാലികൾക്കായി പിരിച്ച തുക എന്നിവയുടെ കണക്ക് വെക്കാത്തതിനെയും ചില ഭാരവാഹികൾ ചോദ്യം ചെയ്തു.വി എസ് ജോയി പ്രസിഡന്റായശേഷം ചേർന്ന ആദ്യ ഭാരവാഹി യോഗമായിരുന്നു കഴിഞ്ഞദിവസത്തേത്. മുതിർന്ന ഭാരവാഹികളെല്ലാം വിമർശനമുന്നയിച്ചപ്പോൾ ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാന്തൊടി, അജീഷ് എടാലത്ത്, ഹാരിസ്ബാബു, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി എ സലീം എന്നിവർ ജോയിക്കൊപ്പം നിലയുറപ്പിച്ചു.