മോഹൻലാലിന്റേതായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് ആരാധകരുടെ കാത്തിരിപ്പിന് ആധാരം. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്. പുതുവർഷ സമ്മാനമായാണ് ചിത്രത്തിന്റെ ട്രെയിലർ എത്തിയത്. താരരാജാവിന്റെ ഒറ്റയാൾ പ്രകടനമാണ് ട്രെയിലറിലുടനീളം കാണാൻ സാധിക്കുന്നത്.
ഹൊറർ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പുറത്തുവന്ന ട്രെയിലർ സൂചിപ്പിക്കുന്നത്. മോഹൻലാൽ മാത്രമാണ് ചിത്രത്തിൽ അഭിനേതാവായി ഒള്ളൂ എന്നതാണ് ഏറെ ശ്രദ്ധേയം. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ് തുടങ്ങിയവർ ശബ്ദസാന്നിധ്യമായും ചിത്രത്തിലെത്തുന്നുണ്ട്. രാജേഷ് ജയരാമനാണ് തിരക്കഥയെഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ഈ മാസം 26-ന് തിയേറ്ററുകളിലെത്തും.
2009ൽ പുറത്തെത്തിയ ക്രൈം ത്രില്ലർ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് എലോൺ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് ഡോൺ മാക്സ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, സ്റ്റിൽസ് അനീഷ് ഉപാസനയും വഹിക്കുന്നു.