വർക്കല: വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും ശുദ്ധീകരിക്കാൻ ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഉപയോഗിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തിൽ ശ്രീ നാരായണ ഗുരു മാതൃകയാണ്. ഗുരു പെരുമാറിയത് ജനാധിപത്യബോധത്തോടെയാണ്. എന്നാൽ ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരാൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് നരബലിയിൽ കാണാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്താൻ ആലോചിക്കുന്നുണ്ട്. ഗുരുവിൻ്റെ നിലപാട് തുടരണം, സമൂഹത്തെ പിന്നോട്ടടിപ്പിക്കാൻ അനുവദിച്ച് കൂടാ. നവോത്ഥാന ചിന്ത ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ യഥാർത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയ്ക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി മന്ത്രവാദം, ചാത്തൻസേവ തുടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും ഓർമ്മിപ്പിച്ചു. ജനങ്ങൾ കൂട്ടത്തോടെ ഇതിന് പിന്നാലെ പോകുകയാണ്. ദുരാചാരത്തിൻ്റെ ദുർമൂർത്തികൾ ഉറഞ്ഞുതുള്ളുകയാണ്. നാടിൻ്റെ വികസനത്തെ കൂട്ടിയോചിപ്പിച്ച് മുന്നോട്ട് പോകേണ്ട ഗുരുവിൻ്റെ കാഴ്ച്ചപ്പാടാണ് സർക്കാരിനുമുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശിവഗിരി തീർത്ഥാടനം ഗുരുവിൻ്റെ നിർദേശ പ്രകാരം തന്നെയാണ് നടത്തുന്നത്. തീർത്ഥാടനത്തിൽ പാളിച്ചയുണ്ടെങ്കിൽ സന്യാസി ശ്രേഷ്ഠൻമാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശിവഗിരി തീർത്ഥാടനം എന്തിന് വേണ്ടിയെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, കൃഷി, ആരോഗ്യം തുടങ്ങിയവക്ക് വേണ്ടിയാണിത്. സാമൂഹ്യ പുരോഗതി ഈ രീതിയിൽ മാത്രമേ വരുത്താനാകൂ എന്ന് ഗുരു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.