കണ്ണൂർ: കെപിസിസി നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിൽ കോൺഗ്രസിൻ്റെ പോക്ക് അപകടത്തിലേക്കെന്നും അതിൻ്റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ല. അടിയന്തരമായി ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ട് കോൺഗ്രസിൻ്റെ പുനഃസംഘടന നടത്തണം. മറിച്ചാണെങ്കിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും.ഘടക കക്ഷികൾ പരസ്യ നിലപാടുകൾ എടുക്കുന്നതിനെയും ഉണ്ണിത്താൻ വിമർശിച്ചു. പ്രശ്നങ്ങൾ മുന്നണിയ്ക്കകത്ത് ചർച്ച ചെയ്ത് നിലപാട് ഏകീകരിക്കുന്നതാണ് ശരിയെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനസംഘടിപ്പിച്ചില്ല, ബ്ലോക്ക് പ്രസിഡൻ്റുമാരേയും മണ്ഡലം പ്രസിഡൻ്റുമാരേയും ഇതുവരെ പുനസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിൻ്റെയൊക്കെ ഉത്തരവാദിത്തം ആർക്കാണെന്ന് വച്ചാൽ അവരെല്ലാം മറുപടി പറയണം. കോൺഗ്രസിൻ്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിർവാഹമില്ല. ബന്ധപ്പെട്ടവർ അടിയന്തരമായി പുനസംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനസംഘടന പൂർത്തിയാക്കിയേ മതിയാവൂയെന്നും അദ്ദേഹം പറഞ്ഞു.