ബഫർസോണിൽ ഗ്രൗണ്ട് സർവേക്ക് നിയോഗിക്കപ്പെട്ട തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷൻ്റെ കാലാവധി സർക്കാർ നീട്ടി. ഡിസംബർ 30ന് അവസാനിക്കുമായിരുന്ന കമ്മീഷൻ്റെ കാലാവധി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. സ്ഥലപരിശോധന ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടി സർക്കാർ ഉത്തരവിറക്കിയത്.
ജനുവരി രണ്ടാം വാരം സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ നിലവിലെ റിപ്പോർട്ട് സർക്കാർ സമർപ്പിക്കും. തുടർന്ന്, കൂടുതൽ വ്യക്തതയുള്ള റിപ്പോർട്ട് തയ്യാറാക്കാനായി സമയം നീട്ടിചോദിക്കും. സർവ്വേ സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ തദ്ദേശ-സ്വയംഭരണസ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.