ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി കോമ്പിനേഷനിൽ പിറന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്‌ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തിലെത്തുന്നുണ്ട്. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ നൻപകൽ നേരത്ത് മയക്കം പ്രദർശിപ്പിച്ചിരുന്നു.
ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് പ്രതീക്ഷകൾക്കുമപ്പുറമുള്ള പ്രതികരണങ്ങളാണ് ലംഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷർ ഒന്നടങ്കം പറയുന്നു. കൈയടിയോടെയാണ് സിനിമാ പ്രേമികൾ ചിത്രത്തെ വരവേറ്റത്. റിസർവേഷൻ ചെയ്തവർക്ക് പോലും സിനിമ കാണാൻ സാധിക്കാത്ത രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.
ഇതോടെ പ്രദർശന വേദിയായ ടാഗോർ തിയേറ്ററിൽ സംഘർഷമുണ്ടായി. ഡെലിഗേറ്റുകളിൽ ചിലർ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പോലീസും ഡെലിഗേറ്റുകളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം 3:30-നായിരുന്നു നൻപകൽ ‘നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. ഒരു നാടകവണ്ടിയുടെ വാൻ ബുക്ക് ചെയ്ത് വേളാങ്കണ്ണിയിൽ നിന്ന് തിരിക്കുന്നൊരു സംഘത്തിലെ ജെയിംസ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുൻപോട്ട് പോകുന്നത്.