തിരുവനന്തപുരം: കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയറ്റ് അസോസിയേഷനിൽ വീണ്ടും അടിമുറുകി. ഇരുപക്ഷവും പരസ്പരം പുറത്താക്കി വാർത്താക്കുറിപ്പിറക്കി. സാമ്പത്തിക തിരിമറിയും ഫണ്ട് വകമാറ്റലും പരസ്പരം ആരോപിച്ചാണ് ഇരുവിഭാഗവും മൂന്നുവീതം അംഗങ്ങളെ സസ്പെൻഡ് ചെയ്തത്.
വിമതപക്ഷ നേതാക്കളായ എം എസ് ഇർഷാദ്, കെ ബിനോദ്, കെ എം അനിൽകുമാർ എന്നീ വരെ ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. അസോസിയേഷൻ സബ് കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 22ന് ചേർന്ന പൊതുയോഗ തീരുമാനപ്രകാരമാണ് സസ്പെൻഷനെന്ന് അസോസിയേഷൻ പ്രസിഡന്റ് എം എസ് ജ്യോതിഷും ജനറൽ സെക്രട്ടറി സി എസ് ശരത്ചന്ദ്രനും ചൊവ്വാഴ്ച വൈകിട്ട് അറിയിച്ചു.
ഒരു മണിക്കൂറിനകം മുൻ ഭാരവാഹികളായ എം എസ് ജ്യോതിഷ്, കെ എസ് ഹാരിസ്, ആർ രഞ്ജിത്ത് എന്നിവരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ 23ന് ചേർന്ന ജനറൽ ബോഡി യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി വിമതപക്ഷ പ്രസിഡന്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ ബിനോദും അറിയിച്ചു.