കോട്ടയം: യൂത്ത് കോൺഗ്രസ് നേതാവിനെ ഡി.സി.സി ഓഫീസ് സെക്രട്ടറി മർദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് നേതാവ് മനുകുമാറിനെ ഡി.സി.സി ഓഫീസ് സെക്രട്ടറി ലിബിൻ ഐസക്ക് കല്ലുകൊണ്ട് പുറത്ത് ഇടിച്ചതായാണ് പരാതി. കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രം ഫ്ളക്സിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് നേതാക്കൾ തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.
ബഫർസോൺ വിവാദത്തിൽ കോൺഗ്രസ് ജില്ലാ ഘടകം കോട്ടയത്ത് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഫ്ളക്സിൽ നിന്ന് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതാണ് കയ്യാങ്കളി വരെയെത്തിയത്. ഉമ്മൻചാണ്ടിയുടെ ചിത്രം കോട്ടയത്തെ പരിപാടിയിൽ ഒഴിവാക്കിയത് ഐ ഗ്രൂപ്പിൻ്റെ ഗൂഢാലോചനയെന്ന ആരോപണമാണ് എ ഗ്രൂപ്പിനുള്ളത്. ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ഉമ്മൻചാണ്ടിയുടെ ചിത്രം എന്തുകൊണ്ട് പ്രതിഷേധ പരിപാടിയുടെ ഫ്ളക്സിൽ ഉൾപ്പെടുത്തിയില്ലായെന്നും മനുകുമാർ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കയ്യാങ്കളിയിലെത്തിയത്.