ബംഗളൂരു: ശത്രുക്കളുടെ തലയരിയാൻ ഹിന്ദുക്കൾ വീട്ടിൽ ആയുധങ്ങൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന് ആഹ്വാനംചെയ്ത് ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂർ. ‘എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുള്ളതിനാൽ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികൾ മൂർച്ചയുള്ളതായി സൂക്ഷിക്കണമെന്നായിരുന്നു പ്രഗ്യ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തത്. തീവ്രഹിന്ദുത്വസംഘടനയായ ഹിന്ദു ജാഗരണ വേദികെയുടെ ശിവമോഗയിലെ തെക്കൻമേഖലാ സമ്മേളനത്തിലാണ് എംപിയുടെ കലാപ ആഹ്വാനം.
“തങ്ങൾക്കും തങ്ങളുടെ അഭിമാനത്തിനും നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോ ഹിന്ദുവിനും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്. അവർക്ക് ജിഹാദിൻ്റെ പാരമ്പര്യമുണ്ട്. മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും അവർ ലൗ ജിഹാദ് ചെയ്യുന്നു. നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു. ഓരോ സന്യാസിയും തൻ്റെ ദൈവത്തെ സ്നേഹിക്കുന്നു”- പ്രഗ്യാസിങ് പറഞ്ഞു.
അതേസമയം പ്രഗ്യാസിങ് ഠാക്കൂറിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ തെഹ്സീൻ പൂനവല്ല പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഠാക്കൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ശിവമോഗ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.