ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽബിഹാരി വാജ്പേയിക്ക് ആദരമർപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നടപടിയിൽ കോൺഗ്രസിൽ അതൃപ്തി. ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോഴാണ് വാജ്പേയി സ്മാരകമായ സദൈവ് അടലിലെത്തി രാഹുൽ ആദരാഞ്ജലി അർപ്പിച്ചത്. ഇത് കക്ഷിരാഷ്ട്രീയത്തിന് അപ്പുറമുള്ള ഇടപെടലായി ചർച്ച ചെയ്യപ്പെടുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ ബിജെപി, സംഘപരിവാർ ആശയഗതികളുടെ മുഖ്യപ്രതിനിധിയായിരുന്ന രാഷ്ട്രീയനേതാവിന് ആദരമർപ്പിച്ചത് ശരിയായില്ലെന്ന് മറുപക്ഷം പറയുന്നു. രാഹുലിഭാരത് ജോഡോ യാത്ര: വാജ്പേയിക്ക് രാഹുലിൻ്റെ ആദരം നടപടി കണ്ണിൽപ്പൊടിയിടലാണെന്ന് ബിജെപി പറഞ്ഞു.
നേരത്തെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തുമ്പോൾ നെടുമ്പാശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബാനറിലും സവർക്കറുടെ ഫോട്ടോ ഉൾപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ സവർക്കറുടെ പടത്തിനു മുകളിൽ ഗാന്ധിജിയുടെ പടമൊട്ടിച്ച് കോൺഗ്രസുകാർ തടിതപ്പി.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ നാഗമംഗല ബെല്ലാലയിൽ റോഡരികിൽ സ്ഥാപിച്ച ബോർഡിലും സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. രാഹുൽഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവർക്കൊപ്പമാണ് സവർക്കറുടെയും ചിത്രവും ഉൾപ്പെടുത്തിയത്. മാണ്ഡ്യയിലെ ഭാരത് ജോഡോ യാത്രയുടെ ചുമതലക്കാരനും ബംഗളൂരു ശാന്തിനഗർ മണ്ഡലത്തിലെ മലയാളിയായ എംഎൽഎയുമായ എൻ എ ഹാരീസാണ് പ്രചാരണ ബോർഡ് സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ബോർഡ് നീക്കി.