കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന്റെ പേരിൽ സംഘപരിവാർ അനുകൂലികൾ പ്രതിഷേധവും വിമർശനവുമായി രംഗത്ത് വന്നിട്ടും പത്താൻ ചിത്രത്തിന്റെ കുതിപ്പ് റെക്കോർഡുകൾ ഭേദിച്ച് തുടരുകയാണ്. ഏറ്റവും വേഗത്തിൽ 100 മില്യൺ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡാണ് ഷാരൂഖ് ചിത്രത്തിലെ ബേഷരം രംഗ് എന്ന പാട്ട് സ്വന്തമാക്കിയിരിക്കുന്നത്.
സംഘപരിവാറിന്റെ വിമർശനങ്ങൾ ഗാനത്തെ കൂടുതൽ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചുവെന്നാണ് വിലയിരുത്തൽ. വിവാദങ്ങൾ മൂലം നിരവധി ആളുകളാണ് ഗാനം തേടിപ്പിടിച്ചു കണ്ടത്. ചുരുക്കി പറഞ്ഞാൽ ചെലവൊന്നുമില്ലാതെ ചുളുവിന് പത്താൻ രാജ്യമെമ്പാടും പ്രൊമോഷൻ കിട്ടി എന്ന് പറയാം.
ഒമ്പത് ദിവസവും ആറ് മണിക്കൂറും കൊണ്ടാണ് ബംഷരം രംഗ് 100 മില്യൺ കാഴ്ചക്കാർ ആയത്. സൽമാൻ ഖാൻ ചിത്രം രാധേയിലെ സീട്ടി മാർ എന്ന പാട്ടിന്റെ റെക്കോഡാണ് ബേഷരം രംഗ് മറികടന്നത്. 10 ദിവസം കൊണ്ടായിരുന്നു സീതി മാർ 100 മില്യൺ കാഴ്ചക്കാരെ നേടിയത്. ഇതിനെയാണ് പത്താൻ ഗാനം മറികടന്നത്.
ബേഷരം രംഗ് 100 മില്യൺ നേടിയ ദിവസത്തിൽ തന്നെ പത്താനിലെ പുതിയ ഗാനമെത്തിയതും മറ്റൊരു പ്രത്യേകത. കുമ്മേസേ പത്താൻ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറക്കി മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്