4 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗംഭീര തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ബോളിവുഡിന്റെ സൂപ്പർ താരം ഷാരൂഖ് ഖാൻ. പഠാൻ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നത്. എന്നാൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ചിത്രം കൂടിയാണ് പഠാൻ. ചിത്രത്തിന്റെ ആദ്യം ഗാനം പുറത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. പഠാനിലെ ഗാനത്തിൽ ദീപിക പദുകോൺ ധരിച്ച ബിക്കിനിയുടെ നിറം കാവിയായതിന്റെ പേരിൽ സംഘപരിവാർ അനുകൂലികളാണ് പരസ്യമായി രംഗത്ത് വന്നത്.
പോസ്റ്ററുകളും കോലങ്ങളും കത്തിച്ച് വൻ തോതിലാണ് പ്രതിഷേധം ആളിക്കത്തിയത്. എന്നാൽ, ഫിഫ വേൾഡ് കപ്പ് വേദിയിലേയ്ക്ക് ദീപികയും ഷാരൂഖും മാസ് എൻട്രി നടത്തിയതോടെ വിവാദങ്ങൾ പാടെ കൂപ്പുകുത്തിയിരുന്നു. ഇപ്പോൾ, ഈ വിവാദങ്ങളിൽ നടി പൂനം പാണ്ഡെയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പഠാനിലെ ബിക്കിനി വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചാൽ താനൊരു വിഡ്ഢിയാകുമെന്നായിരുന്നു പൂനം നൽകിയ മറുപടി.
‘ അക്കാര്യത്തെ പറ്റി പറഞ്ഞാൽ ഞാൻ വിഡ്ഢിയാകും. കാരണം വളരെ മനോഹരമായ ഗാനമാണ് ബെഷ്റം രംഗ്, അടിപൊളി ലുക്കിലാണ് ദീപിക. ഗംഭീരമായ ഗാനരംഗങ്ങളിൽ എന്റെ പ്രിയപ്പെട്ട എസ്ആർകെ വളരെ ഹോട്ട് ലുക്കിലാണ് എത്തിയത്. ആർക്കാണ് ഇത്രയ്ക്ക് ഹോട്ടാകാൻ കഴിയുക ഇത് തീർച്ചയായും കുറ്റകരമാണ്. ഇങ്ങനെ ചെയ്യരുത് സർ’, എന്ന് പൂനം പാണ്ഡെ പ്രതികരിക്കുന്നു. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമാകും പഠാൻ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.