കൊച്ചി: കേരള സർവ്വകലാശാല വി സി നിയമനത്തിനായുള്ള സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നിശ്ചയിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സെർച്ച് കമ്മറ്റിയെ നിശ്ചയിക്കേണ്ടത് ചാൻസലറല്ലന്ന ഹർജിക്കാരുടെ വാദം ഡിവിഷൻ ബഞ്ച് അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചാൻസലർ ആവശ്യപ്പെട്ടതു പ്രകാരം സെർച്ച് കമ്മറ്റിയിലേക്ക് ഒരു മാസത്തിനകം സർവ്വകലാശാല നോമിനിയെ നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ സിംഗിൾ ബഞ്ച് ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ട് യു ഡി എഫ് സെനറ്റ് അംഗം സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. ഉത്തരവ് ചോദ്യം ചെയ്ത് 2 വിദ്യാർത്ഥി നേതാക്കളും അധ്യാപക സംഘടനാ പ്രതിനിധിയും ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നും റദ്ദാക്കണം എന്നുമായിരുന്നു ആവശ്യം. ഹർജി പരിഗണിച്ച കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഹരജിയിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
കേരള സർവ്വകലാശാല വി സി നിയമനത്തിനായി ഗവർണർ സെർച്ച് കമ്മറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാൻ സെനറ്റ് തയ്യാറായിരുന്നില്ല. തുടർന്ന് ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ച് ചാൻസലറെ പിന്തുണക്കുന്ന യുഡി എഫ് സെനറ്റ് അംഗം അനുകൂല ഉത്തരവ് നേടി. ഒരു മാസത്തിനകം സെനറ്റ് നോമിനിയെ നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്. ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത് ഗവരണർക്ക് തിരിച്ചടിയായി.