തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു. 2021ൽ തയ്യാറാക്കിയ സീറോ ബഫർസോൺ മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാപ്പിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാം. 2021 ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ്സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി ജനങ്ങൾക്ക് പരാതി നൽകാം. ജനവാസ മേഖലകളെ ബഫർസോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
22 സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഭൂപടമാണ് പുറത്ത് വിട്ടത്. ഭൂപടത്തിൽ ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതി ലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറത്തിലും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ആശുപത്രികൾ, ആരാധനാലയങ്ങൾ, കടകൾ എന്നിവയും ഭൂപടത്തിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ സംരക്ഷിത വനമേഖലയുടെയും ബഫർസോൺ പരിധിയിൽ വരുന്ന വിവിധ നിർമിതികളുടെ പട്ടിക സൈറ്റിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട. പ്രാദേശിക തലങ്ങളിലെ സർക്കാർ ഓഫീസുകളിൽ ഭൂപടം പ്രസിദ്ധീകരിക്കും. പുതിയ ഭൂപടത്തെ അടിസ്ഥാനമാക്കി വേണം പരാതി നൽകാനെന്നും വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും അവസരമുണ്ട്. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.