മലയാള സിനിമയിൽ പരിമളമായെത്തി രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ഭാവന. 2002 ഡിസംബർ 20ന് പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമാ രംഗത്ത് എത്തിയത്. കലവൂർ രവികുമാർ എഴുതി കമൽ സംവിധാനം ചെയ്ത ഡേവിഡ് കാച്ചപ്പള്ളി നിർമ്മിച്ച നമ്മളിൽ ജിഷ്ണു രാഘവൻ, സിദ്ധാർഥ് ഭരതൻ, രേണുക മേനോൻ എന്നിവരോടൊപ്പമാണ് നായികാ പ്രാധാന്യമുള്ള കഥാപാത്രമായി ഭാവനയെത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഇറങ്ങിയ സിനിമ ഹിറ്റായി.
പിന്നീട് തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, റൺവേ, നരൻ, ഉദയനാണ് താരം, നരൻ, ചിന്തമണി കൊലക്കേസ്, സാഗർ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോൺ തുടങ്ങി എടുത്തു മലയാളത്തിൽ പറയാവുന്ന അമ്പതിലേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. പത്തിലേറെ തമിഴ്, പതിനഞ്ചോളം കണ്ണട, തെലുഗ് സിനിമകളും രണ്ടു പതിറ്റാണ്ടിനിടെ ഭാവന ചെയ്തു.
ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡിൽ പ്രത്യേക പരാമർശവും ഭാവന നേടി. സഹനടിയായി തുടങ്ങി നിരവധി മികച്ച അവസരങ്ങളാണ് ഭാവനയ്ക്ക് ലഭിച്ചത്. മലയാളത്തിൽ തിളങ്ങിയതോടെയാണ് അന്യഭാഷകളിൽ നിന്നുള്ള അവസരങ്ങളും ലഭിച്ചത്. ബജറംഗി 2, 99, ഇൻസ്പെക്ടർ വിക്രം, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നട സിനിമകളിൽ ഈയിടെ താരം അഭിനയിച്ചു.
മലയാള സിനിമയിൽ നിന്ന് മാറിനിന്നപ്പോഴും കന്നട തെലുങ്കു സിനിമകളിൽ ഭാവന തിളങ്ങി നിന്നു. 2018ൽ നവീനുമായുള്ള വിവാഹ ശേഷം ബംഗളൂരുവിലാണെങ്കിലും മലയാള സിനിമയിൽ വീണ്ടും സജീവമായെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഷറഫുദ്ദീനൊപ്പം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമ അടുത്ത വർഷമാദ്യം തിയേറ്ററിലെത്തുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് ഭാവന വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടൈൻമെന്റിന്റെ ബാനറിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫാണ് സംവിധാനം ചെയ്യുന്നത്.