മമ്മൂട്ടി നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ഉദയ് കൃഷ്ണയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ഇപ്പോൾ ക്രിസ്റ്റഫർ എന്ന ചിത്രം ഗംഭീര സിനിമയാകുമെന്ന സൂചന നല് കിയിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി.
ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ മമ്മൂട്ടിയുടെ മുഖമായിരുന്നു മനസ്സിൽ വന്നതെന്നും ആ ചിത്രം പല കാരണങ്ങൾ കൊണ്ട് തനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്നും വേണു കുന്നപ്പള്ളി പറയുന്നു. 2018, മാളികപ്പുറം എന്നീ സിനിമകളുടെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു വേണു കുന്നപ്പിള്ളി ചിത്രത്തെ കുറിച്ച് സംസാരിച്ചത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, അമല പോൾ, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും. ആക്ഷൻ ത്രില്ലറായ ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്.
വേണു കുന്നപ്പിള്ളി പറയുന്നത്:
മാമാങ്കത്തിന് ശേഷം മമ്മൂക്കയെ വച്ച് ചെയ്യാൻ കുറെയധികം കഥകൾ കേട്ടിരുന്നു. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട കഥകൾ അധികം വന്നിട്ടില്ല. അതിൽ ഒരു കഥ മാത്രം വളരെയധികം ഇഷ്ടമായിരുന്നു, ക്രിസ്റ്റഫർ ആയിരുന്നു അത്. ചില പ്രശ്നങ്ങൾ കാരണം ആ കഥ എനിക്ക് ചെയ്യാൻ സാധിച്ചില്ല.
ആ കഥ അന്ന് കേട്ടയുടന് മനസ്സിൽ വന്നത് മമ്മൂക്കയുടെ മുഖമാണ്. അത്രയ്ക്കും ഗംഭീര കഥയായിരുന്നു. എനിക്ക് പകരം മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകൻ മമ്മൂക്കയെ വച്ച് തന്നെ ആ ചിത്രം പൂർത്തിയാക്കി. ബി. ഉണ്ണികൃഷ്ണൻ സർ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ഒരു ഗംഭീര ചിത്രമാകുമെന്നതിൽ സംശയമില്ല’’