വർഗീയതയ്ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടികളാണ് സിപിഎമ്മും സിപിഐയും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയെ നേരിടാൻ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനാകില്ല. വർഗീയതയ്ക്കെതിരെ യോജിക്കാൻ മനസുള്ളവരെ കൂടെ കൂട്ടണം എന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധീസത്തിൻ്റെ സ്വാധീനത്തിൽ നിന്നാണ് ജി കാർത്തികേയൻ കമ്മ്യൂണിസത്തിലേക്ക് വരുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. ജി കാർത്തികേയൻ ഫൗണ്ടേഷൻ്റെ പുരസ്ക്കാരം കാനം രാജേന്ദ്രന് ഗോവിന്ദൻ മാസ്റ്റർ സമ്മാനിക്കും. യുവജനവിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരകാരനായി നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന നേതാവാണ് എന്ന് കാനത്തെകുറിച്ച് ഗോവിന്ദൻ പറഞ്ഞു. വർഗ്ഗസമര പോരാട്ടങളിലൂടെ വളർന്നു വരുന്നവരാണ് നേതാക്കൾ. വർഗ്ഗസമര പോരാട്ടങൾക്ക് ഊർജ്ജം നൽകുമ്പോഴാണ് നേതാവും ജനങ്ങളും തമ്മിൽ ബന്ധം വളരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി ജന്മി നാടു വാഴി വ്യവസ്ഥിതിയുടെ ഭാഗമാണ് ആർഎസ്എസ് രൂപീകരിച്ചത്. ഹിന്ദുക്കളെ ഒപ്പം നിർത്തി കോൺഗ്രസിനെ ഹിന്ദു പാർട്ടിയാക്കാനാകുമെന്നാണ് സ്ഥാപകനായ ഹെഡ്ഗെവാർ കരുതിയത് പക്ഷെ അതിന് ഗാന്ധി കൂട്ടു നിന്നില്ല. ഇന്നവർ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ജനാധിപത്യത്തെ ആയുധമാക്കുന്നു. ഭരണഘടനപോലും മനുസ്മൃതിക്ക് അനുസരിച്ച് വേണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നു. 2025ൽ വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ ഹിന്ദു രാഷ്ട്രം അവർ യാഥാർത്ഥ്യമാക്കും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.