പാലക്കാട്: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്. പാലക്കാട് ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ ക്യാമ്പിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. എത്ര വലിയ നേതാവാണെങ്കിലും ആർഎസ്എസിന് സംരക്ഷണം നൽകുന്ന തരത്തിലുള്ള പ്രസ്താവനകൾ അംഗീകരിക്കനാവില്ലെന്നും ക്യാമ്പിൽ അഭിപ്രായമുയർന്നു. അട്ടപ്പാടിയിൽ രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പിലാണ് വിമർശനമുയർന്നത്.
ആർഎസ്എസ് അനുകൂല പ്രസ്താവനകൾ നാക്കുപിഴയായി കണക്കാക്കി മിണ്ടാതിരിക്കാനാവില്ലെന്നാണ് ജില്ലാ ക്യാമ്പിൽ ഉയർന്ന പ്രധാന വിമർശനം. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ കുമാർ ചാലക്കുഴിയാണ് പ്രമേയം അവതരിപ്പിച്ചത്. പാർട്ടി ആർഎസ്എസിന് സംരക്ഷണം നൽകുന്നു, താങ്ങിനിർത്തുന്നു എന്ന രീതിയിൽ ഏത് ‘കൊടികുത്തിയ കൊമ്പൻ’ സംസാരിച്ചാലും കയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാൻ യൂത്ത് കോൺഗ്രസിന് കഴിയില്ല. അങ്ങനെ പറയുന്നവർ ഒറ്റുകാരാണ്. ആരെങ്കിലും അങ്ങനെ സംസാരിച്ചാൽ അവരെ ഒറ്റുകാരൻ എന്ന് വിളിക്കാൻ മടിക്കാത്ത പ്രസ്ഥാനമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാറുമെന്നും ജില്ലാ ക്യാമ്പിൽ മുന്നറിയിപ്പ് നൽകി.
ശശി തരൂരിന് ഭ്രഷ്ട് കൽപ്പിച്ചാൽ യൂത്ത് കോൺഗ്രസ് വേദിയൊരുക്കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.