തിരുവനന്തപുരം: ലോകത്ത് എവിടെയുള്ളവർക്കും ആശയവുമായി കേരളത്തിലെത്തി വിജയകരമായി സ്റ്റാർട്ടപ് തുടങ്ങാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ടപ് രംഗത്ത് രാജ്യത്ത് മുൻനിര സംസ്ഥാനങ്ങളിലൊന്നായ കേരളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിക്കും. തിരുവനന്തപുരത്ത് പുതിയ എമർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ് ആരംഭിക്കും. ഈ സർക്കാരിൻ്റെ കാലത്ത് 15,000 സ്റ്റാർട്ടപ്പും രണ്ടു ലക്ഷത്തിലേറെ തൊഴിലുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ മൂന്നാമത് ഹഡിൽ ഗ്ലോബൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ–ഫോൺ വഴി കേരള സ്റ്റാർട്ടപ് മിഷനെ ടൂറിസം വ്യവസായവുമായി ബന്ധിപ്പിക്കും. സ്റ്റാർട്ടപ് മേഖലയുടെ വളർച്ച ഇതോടെ ത്വരിതപ്പെടും. ഇതിലൂടെ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്തും സ്റ്റാർട്ടപ് മിഷൻ പ്രവർത്തനം എത്തും. യുവജനങ്ങൾക്കും സംരംഭകർക്കും ഇതുവഴി പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.