തിരുവനന്തപുരം: കെപിസിസി പുനസംഘടന താഴെ തട്ടിൽ പൂർണമായി നടപ്പിലാക്കുമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. ഗ്രൂപ്പിന് അതീതമായ പുനസംഘടന നടപ്പിലാക്കും. കെപിസിസി പുനഃസംഘടനയിൽ ശശി തരൂരിൻ്റെ അഭിപ്രായവും പരിഗണിക്കണമെന്നും, ഗ്രൂപ്പല്ല, കാര്യക്ഷമതയാകണം മാനദണ്ഡമെന്നും, അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നും മുരളീധരൻ തിരുവന്തപുരത്ത് പ്രതികരിച്ചു.
ബൂത്ത് മണ്ഡലം ബ്ലോക്ക് തലം വരെ സമ്പൂർണ്ണ പുനസംഘടന നടത്തും. കെപിസിസി പുനസംഘടന സംബന്ധിച്ച് നാളെ നടക്കുന്നത് ഭാരവാഹികളുടെ മാത്രം യോഗമാണ്. രാഷ്ട്രീയ കാര്യ സമിതിയിൽ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടിൽ പൂർണ്ണമായും പുനസംഘടന ഉണ്ടാകും. യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണം. എക്സിനെ മാറ്റി വൈയെ വയ്ക്കുമ്പോൾ യോഗ്യത മാനദണ്ഡമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.