പാലക്കാട്: കെഎസ്യു പാലക്കാട് ജില്ലാ കമ്മിറ്റിക്കെതിരെ വിമർശനം ഉന്നയിച്ച കെഎസ്യു ഭാരവാഹിക്ക് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വധഭീഷണി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയ്ക്കെതിരെയാണ് കെഎസ്യു പ്രവർത്തകൻ്റെ പരാതി. കമ്മിറ്റികളിൽ വിമർശനമുന്നയിച്ചാലോ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലോ, കൊല്ലുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തിയതായാണ് പരാതി.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കെഎസ്യു പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികളുടെയും പ്രവർത്തകരുടെയും യോഗം ഡിസിസി ഓഫീസിൽ വെച്ച് നടന്നത്. യോഗത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുത്തിരുന്നു. യോഗത്തിനിടെ കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതൃത്വം ഗ്രൂപ്പ് തിരിഞ്ഞാണ് പ്രവർത്തിക്കുന്നതെന്ന് എൻഎസ്എസ് ഒറ്റപ്പാലം കോളേജിലെ യൂണിറ്റ് അംഗവുമായ കെഎസ്യു പ്രവർത്തകൻ വിമർശിച്ചു. ഇതാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയെ ചൊടിപ്പിച്ചത്.