മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ ഇനി കിളിമാനൂർ കാരേറ്റിലെ ‘പൗർണമി’ യിലുണ്ടാകും. മുൻ മന്ത്രി കൂടിയായ പി കെ ഗുരുദാസന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി നിർമിച്ച വീടിൻ്റെ ഗൃഹപ്രവേശം ഇന്ന് പകൽ 11ന് നടന്നു.
കാരേറ്റ് പേടികുളം എന്ന സ്ഥലത്ത് ഭാര്യ ലില്ലിയുടെ പേരിലുള്ള പത്ത് സെന്റിലാണ് 1700 ചതുരശ്രയടി വിസ്തീർണമുള്ള വീട് നിർമിച്ചത്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപം കാൽനൂറ്റാണ്ട് വാടകയ്ക്കു താമസിച്ച വീടിൻ്റെ പേരാണ് പുതിയ വീടിനും നൽകിയിരിക്കുന്നത്.
വാടകയ്ക്കു താമസിച്ച വീടുകളിലൊക്കെ അദ്ദേഹം തനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങളും കൂടെക്കൊണ്ടുപോകാറുണ്ട്. ചിലയിടങ്ങളിലെ സ്ഥലപരിമിതികാരണം കുറച്ച് പുസ്തകങ്ങളൊക്കെ നഷ്ടപ്പെട്ടതായി അദ്ദേഹം ഓർക്കുന്നു. പുസ്തകങ്ങൾ സൂക്ഷിക്കാൻ വിശാലമായൊരു മുറി ഉൾപ്പെടെ രണ്ട് മുറിയും അടുക്കളയുമുള്ള വീടാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും ഓഫീസ് ഉൾപ്പെടെ 3 മുറി, അടുക്കള, ഡൈനിങ് ഹാൾ എന്നിവയുള്ള മനോഹരമായ വീടാണ് ഒരുക്കിയത്.
ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ എന്നിവരാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. തിരുവനന്തപുരത്തെ എ കെ ജി അപ്പാർട്ട്മെന്റിലാണ് പി കെ ഗുരുദാസനും ഭാര്യ ലില്ലിയും ഇപ്പോൾ താമസിക്കുന്നത്.