മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയിലേയ്ക്ക് എത്തുന്നു. ഡിസംബർ 22 മുതൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നർമത്തിൽ പൊതിഞ്ഞ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഉയർന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബാബ്ലു അജുവാണ്.
movies
മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും എംപി എഎ റഹീം ഉൾപ്പടെയുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് രംഗത്ത് വന്നിരുന്നു. ശക്തമായ സ്ത്രീപക്ഷ സിനിമ എന്നാണ് റഹീം അഭിപ്രായപ്പെട്ടത്. പരാതികളുമായി മുന്നിലെത്തിയ നിരവധി പെൺകുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോൾ മുന്നിൽ തെളിഞ്ഞുവന്നതെന്നായിരുന്നു” ശൈലജ ടീച്ചറിന്റെ അഭിപ്രായം.
ഒരു പെൺകുട്ടി ജനിച്ചു വീഴുന്ന നാൾ മുതൽ അവൾ എങ്ങനെ വളരണം, പഠിക്കണം, ആരോട് സംസാരിക്കണം എന്ത് ധരിക്കണം എന്ന് തുടങ്ങി അവളിൽ അധികാരം തീർക്കുന്ന ആൺ മേൽകോയ്മകളെ പാടെ പൊളിച്ചെഴുതുകയാണ് ചിത്രം. നൂൽ കെട്ടിയ പട്ടത്തെ നിയന്ത്രിക്കും പോലെ ജയഭാരതിയെ മുറുകെ പിടിക്കുന്ന മാതാപിതാക്കളിലൂടെയും അവളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ പിന്നീടുള്ള ജീവിതം തീരുമാനിക്കുന്ന ഭർത്താവിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. കുടുംബ ജീവിതത്തിൽ സ്ത്രീകൾക്ക് സംസ്കാരം, പാചകം, അനുസരണ തുടങ്ങിയവയാണ് വേണ്ടത് എന്ന പുരുഷ ഗണങ്ങളുടെ ചിന്തകളോട് നീതി, സമത്വം, സ്വാതന്ത്യം എന്നിവയാണ് വേണ്ടതെന്നും ഈ ചിത്രം പറഞ്ഞ് പഠിപ്പിക്കുന്നു.