തിരുവനന്തപുരം: ഡിസംബർ ഒമ്പതിന് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ‘ടോറി ആൻഡ് ലോകിത’ പ്രദർശിപ്പിച്ചു. ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലെത്തുന്ന അഭയാർഥികളായ പെൺകുട്ടിയുടെയും സഹോദരന്റെയും കഥയാണ് ചിത്രം പറയുന്നത്.
ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ മേളയിൽ പുരസ്കാരം നേടിയ ഫ്രഞ്ച് ഭാഷയിലുള്ള ഈ ചിത്രം ഇന്ത്യയിലെ ആദ്യത്തെ പ്രദർശനം കൂടിയാണ്. ഡിസംബർ ഒമ്പതിന് ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം നിശാഗന്ധി തിയറ്ററിലാണ് ചിത്രം പ്രദശിപ്പിക്കുന്നത്.
കഴിഞ്ഞ മെയിൽ നടന്ന കാൻ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75ാം വാർഷിക പുരസ്കാരം നേടുകയും ചെയ്ത ചിത്രം കൂടിയാണ് ഇത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 184 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബർ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.