ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി പദത്തിനായി ചേരിപ്പോര് രൂക്ഷം. ഇന്നലെ ചേർന്ന നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയെ ഹൈക്കമാൻഡിന് തീരുമാനിക്കാമെന്ന് ഒറ്റവരി പ്രമേയം പാസാക്കി പിരിയുകയായിരുന്നു. 40 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തു. തർക്കം പരിഹരിക്കുന്നതിൻ്റെ ഭാഗമായി എഐസിസി നിരീക്ഷകർ ഓരോ എംഎൽഎമാരെയും പ്രത്യേകം കാണും. തുടർന്ന് എംഎൽഎമാരുടെ നിലപാടുകൾ കേന്ദ്രനിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിക്കും.
നേരത്തെ ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയായി നയിക്കാൻ തനിക്ക് കഴിയുമെന്നും വീര ഭദ്ര സിംഗിൻ്റെ കുടുംബത്തെ മാറ്റി നിർത്താൻ ആകില്ലെന്നും പ്രതിഭ പറഞ്ഞു. വീര ഭദ്ര സിംഗിൻ്റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം മറ്റാർക്കെങ്കിലും ഫലം നൽകാൻ ആകില്ലെന്നും പ്രതിഭാ സിംഗ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും നിലവിൽ മൂന്ന് പേരുകളാണ് ഉയരുന്നത്. അതിൽ പ്രതിഭാ സിംഗിൻ്റെ പേരുമുണ്ട്. കോൺഗ്രസ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിൻ്റെ പത്നിയായ പ്രതിഭ 2004 ലാണ് ആദ്യമായി ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് പുറമേ സുഖ് വീന്ദർ സിംഗ് സുഖു, മുകേഷ് അഗ്നിഹോത്രി, എന്നിവരേയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോൺഗ്രസ് പരിഗണിക്കുന്നത്. മൂന്ന് വട്ടം എംഎൽഎയായ സുഖ്വിന്ദർ സിംഗ് സുഖു കോൺഗ്രസ് അധ്യക്ഷനായിരുന്നു. മുകേഷ് അഗ്നിഹോത്രിയാകട്ടെ, നാല് വട്ടം എംഎൽഎയും പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. എന്നാൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും ഹൈക്കമാൻഡാണ് അന്തിമ തീരുമാനം സ്വീകരിക്കുകയെന്ന് സുഖ് വിന്ദർ സിംഗ് സുഖു പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദവിയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് കേന്ദ്രനിരീക്ഷകൻ രാജീവ് ശുക്ലയും യോഗത്തിന് മുൻപ് പറഞ്ഞിരുന്നു.
പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അവരുടെ അനുകൂലികൾ പരസ്യമായി രംഗത്തിറങ്ങി. ഷിംലയിലെ ഹോട്ടൽനുമുന്നിൽ ഹൈക്കമാൻഡ് നിരീക്ഷകനായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിൻ്റെ കാർ തടഞ്ഞ് അവർ മുദ്രാവാക്യം മുഴക്കി.