മേപ്പാടി ഗവ. പോളിടെക്നിക്കിൽ അപർണ ഗൗരിയെ ആക്രമിച്ചത് എസ്എഫ്ഐക്കാരാണ് എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി. അപർണയെ ആക്രമിക്കുന്നതിന് മുമ്പ് ഇതേ സംഘം തന്റെ തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചുവെന്നും ഇതിന് അധ്യാപകരും വിദ്യാർത്ഥികളും സാക്ഷികളാണെന്നും T21MEDIAയ്ക്ക് ടെലിഫോണിൽ നൽകിയ അഭിമുഖത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു വെളിപ്പെടുത്തി.
“എന്നെ ആക്രമിച്ച അതേ സംഘമാണ് അപർണയെയും ആക്രമിച്ചത്. അവരെല്ലാം കെഎസ് യുവിന്റെ പ്രവർത്തകരാണ്. അവരാണിപ്പോൾ ജയിലിലുള്ളത്. അവർ കെഎസ് യുവിന്റെ ജാഥയിലും മറ്റും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ എന്റെ കൈവശമുണ്ട്”. വിഷ്ണു പറയുന്നു.
അപർണ ആക്രമിക്കപ്പെട്ടതിന്റെ തലേദിവസവും വിഷ്ണുവിനു നേരെ ആക്രമണം ഉണ്ടായി. നഖംവെട്ടിയിലുള്ള കത്തിവെച്ച് തന്റെ കണ്ണിനു താഴെ കുത്തിപ്പരിക്കേൽപ്പിക്കാൻ ഇതേ സംഘം ശ്രമിച്ചെന്നും പോലീസിൽ പരാതി നൽകിയെന്നും വിഷ്ണു വെളിപ്പെടുത്തി.
ഒന്നര വർഷം മുമ്പ് താനും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് വിഷ്ണു തുറന്നു പറയുന്നു. ആ കാലത്തുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ എസ്എഫ്ഐയുടെ ഭാഗമായപ്പോൾ ആ ശീലം ഉപേക്ഷിച്ചുവെന്നും എസ്എഫ്ഐ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ കാമ്പയിനിൽ സജീവമായി പങ്കെടുത്തു വരികയാണെന്നും വിഷ്ണു T21നോട് പറഞ്ഞു.
കോളജിൽ ലഹരി എത്തിക്കുന്നവരെക്കുറിച്ചും ഉപയോഗിക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്. അക്കാര്യം മേപ്പാടി സ്റ്റേഷനിലെ പോലീസുകാർക്ക് അറിയാം. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ തങ്ങൾക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടുമുണ്ട്. ആ പരാതികളിൽ പ്രതിസ്ഥാനത്തുള്ളവർ തന്നെയാണ് തന്നെയും അപർണയെയും അക്രമിച്ചത് എന്നും വിഷ്ണു പറയുന്നു.
എന്നിട്ടും പ്രതിപക്ഷ നേതാവും സ്ഥലം എംഎൽഎ ടി സിദ്ധിഖും നുണ പ്രചരണം നടത്തുകയാണ്. വസ്തുതകളെല്ലാം കോളജിലെ കുട്ടികൾക്കും നാട്ടുകാർക്കുമറിയാം. തങ്ങൾ ആക്രമിക്കപ്പെട്ട വിവരം കോളജ് അധികാരികളെ അറിയിച്ചിട്ടും അക്രമികൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. കോൺഗ്രസും ലീഗും നയിക്കുന്ന പിടിഎയുടെ രാഷ്ട്രീയ തീരുമാനമാണ് തങ്ങൾക്കെതിരെ എടുത്ത സസ്പെൻഷൻ. ഇത് അനീതിയാണെന്നും വിഷ്ണു പറഞ്ഞു.
നിയമസഭയിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്ന് നടത്തിയ വാക്കൗട്ട് പ്രസംഗത്തിലാണ് വി ഡി സതീശൻ മേപ്പാടി കോളജിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത്. വിഷ്ണുവിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞതിനു പിന്നാലെയാണ് അക്രമം നടത്തിയതും വിഷ്ണുവും കൂട്ടരുമാണ് എന്ന അർത്ഥത്തിൽ സതീശന്റെ വ്യാഖ്യാനമുണ്ടായത്. മേപ്പാടി കോളജിൽ ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെയും അവർക്ക് ലഹരിയെത്തിക്കുന്ന സംഘത്തെയും രാഷ്ട്രീയമായി സംരക്ഷിക്കാൻ യുഡിഎഫ് പരസ്യമായി രംഗത്തിറങ്ങുകയാണ് എന്ന് തെളിയിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.