ഷിംല: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിൻ്റെ സ്വന്തം ജില്ലയിൽ തിരിച്ചടിയേറ്റ് ബിജെപി. ഹാമിർപുറിൽ ഉൾപ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലും ഒന്നിൽപോലും വിജയിക്കാൻ ബിജെപിക്ക് ആയില്ല. സുജൻപുർ, ഭോരാഞ്ച്, ഹാമിർപുർ, ബർസാർ, നദൗൻ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് തിരിച്ചടിയേറ്റത്.
സുജൻപുർ മണ്ഡലത്തിൽ 399 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിൻ്റെ രജീന്ദർ സിങ് ബി.ജെ.പിയുടെ രഞ്ജിത് സിങ് റാണയെ പരാജയപ്പെടുത്തിയത്. അനുരാഗിൻ്റെ പിതാവും മുൻമുഖ്യമന്ത്രിയുമായ പ്രേം കുമാർ ധുമൽ മുൻപ് മത്സരിച്ചു ജയിച്ച മണ്ഡലം കൂടിയായിരുന്നു സുജൻപുർ. ഇക്കുറി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ധുമൽ മത്സരരംഗത്തുണ്ടായിരുന്നില്ല.
ഭോരാഞ്ച് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുരേഷ് കുമാർ വെറും 60 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ ഡോ. അനിൽ ധിമാനെ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. ഹാമിർപുർ മണ്ഡലത്തിൽ കോൺഗ്രസ് വിമതൻ ആശിഷ് ശർമയാണ് വിജയിച്ചത്. സീറ്റ് കിട്ടാത്തതിനെ തുടർന്നായിരുന്നു ഇദ്ദേഹം കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചത്. നരീന്ദർ ഠാക്കൂറായിരുന്നു ഇവിടുത്തെ ബി.ജെ.പി. സ്ഥാനാർഥി.
ബർസാർ മണ്ഡലത്തിൽ ബി.ജെ.പിയുടെ മായാ ശർമയെയാണ് കോൺഗ്രസിൻ്റെ ഇന്ദർ ദത്ത് ലഖൻപാൽ പരാജയപ്പെടുത്തിയത്. നദൗൻ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ സുഖ്വിന്ദർ സിങ് ബി.ജെ.പിയുടെ വിജയ് കുമാറിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ അനുരാഗ് ഠാക്കൂറിനെതിരേ രൂക്ഷവിമർശനം ഉയർന്നിട്ടുണ്ട്.
അതേസമയം ഹിമാചലിലെ ബിജെപി നേതാക്കളിലെ അച്ചടക്കമില്ലായ്മ നല്ല രീതിയിൽ തന്നെ പരിഹരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. അജണ്ട ആജ് തക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.