തിരുവനന്തപുരം: സാബു എം ജേക്കബ് നിരന്തരം അപമാനിക്കാൻ ശ്രമിച്ചുവെന്ന് പി വി ശ്രീനിജൻ എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ സമൂഹ മാധ്യമങ്ങളിലും തന്നെ അധിക്ഷേപിച്ചുവെന്നും നിരന്തരമായി എന്നെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐക്കരനാട് പഞ്ചായത്തിൽ നടന്ന ചടങ്ങിലേക്ക് വിളിച്ചു വരുത്തിയ ശേഷം തന്നെ അപമാനിക്കുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്. നിയമപരമായ പരിരക്ഷക്കാണ് പോലീസിനെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.
നേരത്തെ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിൻ്റെ പരാതിയിൽ ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പുത്തൻകുരിശ് പോലീസ് കേസെടുത്തത്. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് രണ്ടാം പ്രതിയാണ്.
കർഷക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വന്നതെന്നാണ് ശ്രീനിജിൻ പരാതിയിൽ പറയുന്നത്. പട്ടികജാതിക്കാരനെന്ന നിലയിൽ ജാതി അധിക്ഷേപം നടത്തി. താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ പല പരിപാടികളിലും വിളിക്കാത്ത സദ്യ ഉണ്ണാൻ എത്തുന്ന ആളാണെന്ന തരത്തിൽ ‘വിളിക്കാച്ചാത്തം ഉണ്ണുന്നവൻ’ എന്ന് ജാതീയമായി പരിഹസിച്ചുവെന്നും ശ്രീനിജൻ പരാതിയിൽ ആരോപിച്ചു.