ഷിംല: ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്. മുഖ്യമന്ത്രിയായി നയിക്കാൻ തനിക്ക് കഴിയുമെന്നും വീര ഭദ്ര സിംഗിൻ്റെ കുടുംബത്തെ മാറ്റി നിർത്താൻ ആകില്ലെന്നും പ്രതിഭ പറഞ്ഞു. വീര ഭദ്ര സിംഗിൻ്റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം മറ്റാർക്കെങ്കിലും ഫലം നൽകാൻ ആകില്ലെന്നും പ്രതിഭാ സിംഗ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും നിലവിൽ മൂന്ന് പേരുകളാണ് ഉയരുന്നത്. അതിൽ പ്രതിഭാ സിംഗിൻ്റെ പേരുമുണ്ട്. കോൺഗ്രസ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിൻ്റെ പത്നിയായ പ്രതിഭ 2004 ലാണ് ആദ്യമായി ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് പുറമേ സുഖ് വീന്ദർ സിംഗ് സുഖു, മുകേഷ് അഗ്നിഹോത്രി, എന്നിവരേയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോൺഗ്രസ് പരിഗണിക്കുന്നത്. മൂന്ന് വട്ടം എംഎൽഎയായ സുഖ്വിന്ദർ സിംഗ് സുഖു കോൺഗ്രസ് അധ്യക്ഷനായിരുന്നു. മുകേഷ് അഗ്നിഹോത്രിയാകട്ടെ, നാല് വട്ടം എംഎൽഎയും പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകൾക്കായി ഇന്ന് വിജയിച്ച സ്ഥാനാർത്ഥികളുടെ യോഗം നേതൃത്വം വിളിച്ച് ചേർത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം ഷിംലയിലാണ് യോഗം ചേരുന്നത്.