കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിൻ്റെ പരാതിയിൽ ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പുത്തൻകുരിശ് പോലീസ് കേസെടുത്തത്. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് രണ്ടാം പ്രതിയാണ്.
കർഷക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വന്നതെന്നാണ് ശ്രീനിജിൻ പരാതിയിൽ പറയുന്നത്. പട്ടികജാതിക്കാരനെന്ന നിലയിൽ ജാതി അധിക്ഷേപം നടത്തി. താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ പല പരിപാടികളിലും വിളിക്കാത്ത സദ്യ ഉണ്ണാൻ എത്തുന്ന ആളാണെന്ന തരത്തിൽ ‘വിളിക്കാച്ചാത്തം ഉണ്ണുന്നവൻ’ എന്ന് ജാതീയമായി പരിഹസിച്ചുവെന്നും ശ്രീനിജൻ പരാതിയിൽ ആരോപിച്ചു.
പരാതിയിൽ സാബു ജേക്കബ് അടക്കം ആറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, സത്യപ്രകാശ്, ജീൽ മാവേലി, രജനി പി.ടി തുടങ്ങി ആറ് പ്രതികളാണ് കേസിലുള്ളത്.