തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഡിപിആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡിപിആര്‍ റെയില്‍വേ മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. റോജി എം ജോണിൻ്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിക്ക് കേന്ദ്രത്തിൻ്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നുവരികയാണ്. നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിൻ്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതണെന്നും മുഖ്യമന്ത്രി വിശദമാക്കി.